2024 കോപ്പ അമേരിക്കയില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന 16ാം കിരീടം സ്വന്തമാക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ വിജയത്തിന് ശേഷം അര്‍ജന്റീന ദേശിയ മത്സരങ്ങളില്‍ നിന്ന് സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് അദ്ദേഹം അര്‍ജന്റീനയില്‍ നിന്നും പടിയിറങ്ങുന്നത്. ഒരു ലോകകപ്പ്, ഒരു ഫൈനലൈസിമ, തുടര്‍ച്ചയായ രണ്ട് കോപ്പ അമേരിക്കന്‍ ട്രോഫികള്‍ എന്നിവയാണ് അദ്ദേഹം ടീമിനായി നേടി കൊടുത്തത്.
ഒരു ഐതിഹാസികമായ ഫുട്‌ബോള്‍ കരിയര്‍ സ്വന്തമാക്കിയ താരമാണ് ഡി മരിയ. ഇതോടെ കഴിഞ്ഞ ദിവസം ഡി മരിയയുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയിരുന്നു. അതില്‍ താന്‍ മുന്‍പ് കളിച്ച ക്ലബായ റയല്‍ മാഡ്രിഡിനെ കുറിച്ച് സംസാരിക്കുകയാണ് താരം. ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബാണ് റയല്‍ എന്നാണ് താരം പറഞ്ഞത്.
‘റയല്‍ മാഡ്രിഡില്‍ ജോയിന്‍ ചെയ്യുക എന്നുള്ളത് ലോകത്തെ ഏറ്റവും മികച്ച പത്തോ പതിനഞ്ചോ താരങ്ങളില്‍ ഉള്‍പ്പെടുന്നതിന് തുല്യമാണ്. അങ്ങനെയാണ് നമുക്ക് അനുഭവപ്പെടുക. ലോകത്തെ ഏറ്റവും വലിയ ക്ലബ്ബ് റയല്‍ മാഡ്രിഡ് ആണ്. ആ ക്ലബ്ബില്‍ കളിക്കുന്നത് ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നതിന് തുല്യമാണ്,’ ഡി മരിയ പറഞ്ഞു.
2010 മുതല്‍ 2014 വരെ റയല്‍ മാഡ്രിഡിന് വേണ്ടി കളിച്ച താരമാണ് ഡി മരിയ. ക്ലബ്ബിന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് കിരീടവും മരിയ സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും താരം വിരമിച്ചെങ്കിലും അദ്ദേഹം ഇപ്പോള്‍ ക്ലബ് ലെവലില്‍ പോര്‍ച്ചുഗീസിന്റെ ബെന്‍ഫിക്കയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.
Content Highlight: Angel Di Maria Talking About favourite Football Club