മുണ്ടുടുത്ത് ചെണ്ടയുമായി ലാല്‍ സാര്‍ മുന്നില്‍ വന്നുനിന്നു; അന്ന് ക്യാമറ വര്‍ക്കാകാതെ ഞാന്‍ പേടിച്ച് വിറച്ചു: അനീഷ് ഉപാസന
Entertainment
മുണ്ടുടുത്ത് ചെണ്ടയുമായി ലാല്‍ സാര്‍ മുന്നില്‍ വന്നുനിന്നു; അന്ന് ക്യാമറ വര്‍ക്കാകാതെ ഞാന്‍ പേടിച്ച് വിറച്ചു: അനീഷ് ഉപാസന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th June 2024, 5:44 pm

സംവിധായകന്‍, തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫര്‍ എന്നീ മേഖലയില്‍ കഴിവ് തെളിയിച്ച് വ്യക്തിയാണ് അനീഷ് ഉപാസന. മോഹന്‍ലാലിന്റെ ഫോട്ടോയെടുക്കാനായി ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം പറയുകയാണ് അനീഷ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരിക്കല്‍ സാറിന്റെ വീട്ടില്‍ ഞാന്‍ ഷൂട്ട് ചെയ്യാന്‍ വേണ്ടി പോയിരുന്നു. രണ്ട് ക്യാമറയുള്ള ഞാന്‍ അന്ന് ഒരു ക്യാമറ മാത്രമേ എടുത്തിരുന്നുള്ളു. കാരണം കുറച്ച് ഫോട്ടോസ് മാത്രമേ അന്ന് എടുക്കാന്‍ ഉണ്ടായിരുന്നുള്ളൂ. സാര്‍ എവിടുന്നോ ഷൂട്ടും കഴിഞ്ഞ് അങ്ങോട്ട് വന്നു. ‘മോനേ എനിക്ക് കുറച്ച് ഫൈറ്റ് സീക്വന്‍സുകള്‍ എടുക്കാനുണ്ട്. അത് കഴിഞ്ഞ് ഞാന്‍ തിരിച്ചു വരാം. മോന്‍ അത് വരെ ഇവിടെ നില്‍ക്കൂ’വെന്ന് പറഞ്ഞു.

സാര്‍ അന്ന് തിരിച്ചു വരാന്‍ ഏകദ്ദേശം രണ്ട് മണിക്കൂര്‍ സമയമെടുത്തു. ആ രണ്ട് മണിക്കൂര്‍ ഞാന്‍ അവിടെ വെറുതെ ഇരിക്കുകയായിരുന്നു. രാത്രിയായപ്പോള്‍ സാര്‍ തിരികെ വന്നു. പിന്നെ മുണ്ടുടുത്ത് ഒരു ചെണ്ടയുമായി വന്നുനിന്നു. വിഷുവിന്റെയോ മറ്റോ കവര്‍ പേജിന് വേണ്ടിയായിരുന്നു ആ ഫോട്ടോ എടുക്കുന്നത്.

പക്ഷെ സാറിന്റെ ഫോട്ടോ എടുക്കാന്‍ നോക്കിയപ്പോഴാണ് എന്റെ ക്യാമറ വര്‍ക്കാകുന്നില്ലെന്ന് മനസിലാകുന്നത്. ഞാന്‍ അവിടെ നിന്ന് വിയര്‍ക്കാന്‍ തുടങ്ങി. എനിക്ക് അതിന് മുമ്പ് രണ്ടുമണിക്കൂര്‍ സമയമുണ്ടായിരുന്നു. ഒരു ഫോട്ടോ പോലും ഞാന്‍ എടുത്തു നോക്കിയില്ല. എനിക്ക് സാര്‍ തിരിച്ചു വരുന്നതിന് മുമ്പ് ക്യാമറയൊന്ന് ചെക്ക് ചെയ്താല്‍ മതിയായിരുന്നു.

സാര്‍ അപ്പോഴും കാര്യമറിയാതെ ചെണ്ടയും പിടിച്ചു നില്‍ക്കുകയാണ്. ഞാന്‍ പെട്ടെന്ന് കൂടെയുള്ള പയ്യന്റെ കൈയ്യില്‍ ആ ക്യാമറ കൊടുത്ത് അതൊന്ന് ചെക്ക് ചെയ്യാന്‍ പറഞ്ഞു. ഇതിനിടയില്‍ സമയം കളയാനായി ചെണ്ടയൊക്കെ പിടിച്ച് നില്‍ക്കുന്ന ലാല്‍ സാറിനെ തിരിച്ചും മറ്റും നിര്‍ത്തി. ‘ചെണ്ട കറക്ടല്ലേ. ആദ്യം വെച്ചത് പോലെ തന്നെയാണ് നിങ്ങള് ഇപ്പോഴും കൊണ്ടുവെച്ചിരിക്കുന്നത്’ എന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ സാറിനോട് എന്റെ ക്യാമറക്ക് ചെറിയ എന്തോ പ്രശ്‌നമുണ്ടെന്ന കാര്യം പറഞ്ഞതും ചെറിയ പ്രശ്‌നമെന്നാല്‍ എന്താണെന്ന ചോദ്യം വന്നു. ക്യാമറ വര്‍ക്ക് ചെയ്യാത്ത കാര്യം ഞാന്‍ പറഞ്ഞു. ഉടനെ പേടിക്കേണ്ട ടെന്‍ഷനാകേണ്ടെന്ന് പറഞ്ഞ് ലാല്‍ സാര്‍ എന്നെ ആശ്വസിപ്പിച്ചു. അദ്ദേഹം ചെണ്ട അവിടെ ഇറക്കിവെച്ചിട്ട് എന്റെ അടുത്തേക്ക് വന്നു. ഞാന്‍ അപ്പോള്‍ ക്യാമറ ശരിയാകുമോയെന്ന് നോക്കി ആകെ പേടിച്ച് വിറച്ച് നില്‍ക്കുകയാണ്.

കൈയൊക്കെ വിറച്ച് ആകെ വിയര്‍ത്തൊലിക്കുകയാണ് ഞാന്‍. വേറെ ക്യാമറയെടുത്തു കൊണ്ട് വരാന്‍ നല്ല സമയമെടുക്കും. സാര്‍ വന്നിട്ട് ‘ശരിയാകുമോ’യെന്ന് ചോദിച്ചു. സാര്‍ ഇങ്ങനെ അടുത്ത് വന്ന് നിന്നാല്‍ ചിലപ്പോള്‍ ശരിയാകില്ല, കുറച്ച് നീങ്ങി നില്‍ക്കുമോയെന്ന് ഞാന്‍ ചോദിച്ചു. അത് കേട്ടതും സാര്‍ അവിടുന്ന് നീങ്ങി നിന്നു. പിന്നെ എങ്ങനെയോ ക്യാമറ ശരിയാക്കി. അതിന്റെ ഷട്ടര്‍ ഇറങ്ങി പോയതായിരുന്നു,’ അനീഷ് ഉപാസന പറഞ്ഞു.


Content Highlight: Aneesh Upasana Talks About Mohanlal