നായകന്‍മാര്‍ പലരും വന്നെങ്കിലും മലയാളസിനിമയില്‍ ഇപ്പോഴും വില്ലന്‍ കഥാപാത്രങ്ങളും, ക്യാരക്ടര്‍ വേഷങ്ങളും കൈകാര്യം ചെയ്യുന്നത് പഴയ മുഖങ്ങള്‍ തന്നെയാണ്. ക്യാരക്ടര്‍ വേഷങ്ങളില്‍ നിന്നും യുവാക്കള്‍ അകലുന്ന സമയത്താണ് പുതുമുഖ സംവിധായകനായ ശ്രീജിത്ത് പലേരിയുടെ ചിത്രമായ പ്രിയപ്പെട്ട നാട്ടുകാരേയിലൂടെ അനീഷ് രവി മലയാള സിനിമയില്‍ മികച്ച സാന്നിദ്ധ്യമാകുന്നത്.
മലയാളസിനിമയില്‍ പുരുഷത്വത്തിന്റെ പ്രതീകങ്ങളായി ജോക്കറിലൂടെ നിഷാന്ത് സാഗറും, ബാലേട്ടനിലൂടെ റിയാസ്ഖാനും സാന്നിദ്ധ്യമായെങ്കിലും മലയാളത്തിലെ ശക്തമായ വില്ലന്‍ കഥാപാത്രങ്ങളാകാന്‍ അവര്‍ക്കായില്ല. വര്‍ഷങ്ങളായി തന്റെ സീരിയല്‍ ജീവിതത്തിലെ അനുഭവപാഠങ്ങള്‍ തന്റെ സിനിമാജീവിതത്തിലും മുതല്‍ക്കൂട്ടാകുമെന്നാണ് അനീഷ് രവി കരുതുന്നത്.
മലയാള സീരിയല്‍ രംഗത്ത് തിരക്കുള്ള നടനെന്ന പേരുള്ള അനീഷിനെ ഇങ്ങനെയൊരു തീരുമാനത്തിലെത്തച്ചത് തമിഴ് സീരിയലുകളാണ്. തമിഴിലെ പ്രശസ്തനായ സീരിയല്‍ സംവിധായകന്‍ വികത്രമാധിത്യന് തന്റെ സീരിയലിലെ വില്ലന്‍ വേഷം ഏല്‍പ്പിക്കാന്‍ അനീഷിനോട് വിശ്വാസം തോന്നിയതാണ് തന്റെ അഭിനയജീവിതത്തിലെ ടേണിംഗ് പോയിന്റായി അനീഷ് കാണുന്നത്. അതുകൊണ്ട് തന്നെ സണ്‍ ടിവിയിലെ ജനപ്രിയ സീരിയലായ “മേഖല”യിലെ അന്‍പെന്ന കഥാപാത്രം തമിഴില്‍ പുതിയൊരു നടനെയാണ് സമ്മാനിച്ചത്.
മലയാളത്തിലെ ജനപ്രിയ സീരിയലായ മിന്നുകെട്ടിലെ മികച്ച വേഷം കൈകാര്യം ചെയ്ത സമയത്ത് തന്നെയാണ് തമിഴകത്ത് ആന്റിഹീറോയായി അനീഷ് വിലസിയത്. നിരവധി സീരിയല്‍ സംവിധാനം ചെയ്ത് സിനിമയിലേക്ക് തിരിഞ്ഞ സംവിധായകന്‍ ശ്രീജിത്ത് പലേരിയുടെ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലാണ് അനീഷിന്റെ പുതിയ മുഖം.
സമകാലീന രാഷ്ട്രീയത്തിലെ ദുര്‍ നടപടികള്‍ ചിത്രീകരിക്കുന്ന സിനിമയില്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയായ ദാസന്റേയും (കലാഭവന്‍ മണി) കോണ്‍ഗ്രസ് അനുഭാവിയായ സതീഷിന്റേയും (ബാല) ഇടയില്‍ പ്രശ്‌നക്കാരനായ ഇങ്കുലാബ് ചന്ദ്രന്റെ വേഷത്തിലാണ് അനീഷ് രവിയെത്തുന്നത്.
ഈങ്കുലാബ് ചന്ദ്രനായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെക്കെത്തുന്ന സമയത്ത് തന്നെ ഇന്ത്യന്‍ സിനിമയ്ക്ക് കമലഹാസനേയും, രജനീകാന്തിനേയും സമ്മാനിച്ച കെ. ബാലചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ശാന്തി നിലയം എന്ന തമിഴ് പരമ്പരയില്‍ നായക കഥാപാത്രമായ ഡോ. നരേന്‍ എന്ന വേഷത്തിലും നിറഞ്ഞ സാന്നിദ്ധ്യമുവാണ് അനീഷ്.