Sports News
സിറാജ് അവന്റെ അടുത്ത് പോലുമെത്തില്ല, ഓസ്‌ട്രേലിയക്കെതിരെ അവന്‍ കളിക്കണം; തുറന്ന് പറഞ്ഞ് ആന്‍ഡി റോബര്‍ട്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 10, 09:44 am
Tuesday, 10th December 2024, 3:14 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി കളിക്കണമെന്ന് പറയുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ആന്‍ഡി റോബര്‍ട്‌സ്. സിറാജ് ഷമിയുടെ അടുത്ത് പോലുമെത്തില്ലെന്നും ബുംറയേക്കാള്‍ മികച്ച താരമാണ് ഷമിയെന്നും റോബര്‍ട്‌സ് പറഞ്ഞു.

റോബര്‍ട്‌സ് പറഞ്ഞത്

‘ടീമിന്റെ ഏറ്റവും മികച്ച ബൗളറാണ് ഷമി. ജസ്പ്രീത് ബുംറയ്ക്ക് ലഭിക്കുന്ന വിക്കറ്റുകളുടെ എണ്ണം അദ്ദേഹം നേടിയേക്കില്ല, പക്ഷേ അദ്ദേഹം ഒരു സമ്പൂര്‍ണ ബൗളറും ടീമിലെ മറ്റ് ബൗളര്‍മാരേക്കാള്‍ സ്ഥിരതയുള്ളവനുമാണ്. അവന്‍ പന്ത് സ്വിങ് ചെയ്യിപ്പിക്കുകയും പന്തിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

സിറാജ് ഷമിയുടെ അടുത്തുപോലുമെത്തില്ല, അതുകൊണ്ട് മുഹമ്മദ് ഷമി ഓസ്ട്രേലിയയില്‍ കളിക്കണം, മുഹമ്മദ് സിറാജിന് ഒരിക്കലും ഷമിയുടെ ക്ലാസുമായി പൊരുത്തപ്പെടാനാകില്ല,’ റോബര്‍ട്ട്‌സ് മിഡ്-ഡേയോട് പറഞ്ഞു.

2023 ഏകദിന ലോകകപ്പില്‍ കാലിന് പരിക്ക് പറ്റിയ ഷമിക്ക് ക്രിക്കറ്റില്‍ നിന്ന് ഏറെ കാലം വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. നിലവില്‍ ബോര്‍ഡര്‍ ഗവാസ്‌കറിലെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഷമി ഉണ്ട്. ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനായി ഷമി നിലവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബാറ്റ് കൊണ്ടും പന്തുകൊണ്ടും മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിനായി 47 ടെസ്റ്റുകളില്‍ നിന്ന് 202 വിക്കറ്റ് വീഴ്ത്തിയ ബൗളറാണ് റോബര്‍ട്ട്‌സ്. ആദ്യ ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ടപ്പോള്‍ പല മുന്‍ താരങ്ങളും ഷമിയുടെ അഭാവം എടുത്ത് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ റോബര്‍ട്‌സിന്റെ അഭിപ്രായം ശക്തിപ്പെടുന്നുമുണ്ട്.

 

Content Highlight: Andy Roberts Talking About Shami And Siraj