ബിഗ് ബാഷ് ലീഗില്‍ ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്നതിന്റെ മോശം റെക്കോഡ് സ്വന്തമാക്കി പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സ് പേസര്‍ ആന്‍ഡ്രൂ ടൈ. പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സ്-മെല്‍ബണ്‍ റെനെഗെഡ്‌സ് മത്സരത്തിലായിരുന്നു ടൈയുടെ മോസ്റ്റ് എക്‌സ്‌പെന്‍സീവ് ഓവര്‍ പിറന്നത്.
റെനെഗെഡ്‌സ് ഇന്നിങ്‌സിന്റെ പതിനെട്ടാം ഓവറിലായിരുന്നു ആരോണ്‍ ഫിഞ്ച് ടൈയെ പഞ്ഞിക്കിട്ടത്. 31 റണ്‍സാണ് ആ ഓവറില്‍ ടൈ വഴങ്ങിയത്. 30 റണ്‍സും ഫിഞ്ച് അടിച്ചെടുത്തപ്പോള്‍ ഒരു റണ്‍സ് നോ ബോള്‍ ഇനത്തിലും പിറന്നു. ബിഗ് ബാഷിന്റെ 12 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മോശം ബൗളിങ് ഫിഗറാണിത്.
ഓവറിലെ ആദ്യ പന്തില്‍ തന്നെ ഡബിളോടിയാണ് ഫിഞ്ച് തുടങ്ങിയത്. പിന്നാലെയെത്തിയ രണ്ട് പന്തുകള്‍ ബൗണ്ടറി കടത്തി. നാലാം പന്തില്‍ വീണ്ടുൊരു ഡബിള്‍ കൂടി പിറന്നു.
അഞ്ചാം പന്ത് നോ ബോളാവുകയും ആ പന്ത് ഫിഞ്ച് സിക്‌സറിന് പായിക്കുകയും ചെയ്തതോടെ ഏഴ് റണ്‍സ് കൂടി റെനെഗെഡ്‌സിന്റെ അക്കൗണ്ടിലേക്ക്. അവസാന രണ്ട് പന്തിലും സിക്‌സറടിച്ച് ടൈ വധം ഫിഞ്ച് പൂര്‍ത്തിയാക്കി.
View this post on Instagram
2, 4, 4, 2, 6 (nb), 6, 6, 6 എന്നിങ്ങനെയാണ് ടൈയുടെ ഓവറില്‍ ഫിഞ്ച് റണ്ണടിച്ചത്.
മത്സരത്തിലെ നാല് ഓവറില്‍ ആകെ 63 റണ്‍സാണ് ടൈ വഴങ്ങിയത്. ആന്‍ഡ്രൂ ടൈ റണ്‍സ് വാരിക്കോരി നല്‍കിയെങ്കിലും വിജയിക്കാന്‍ മാത്രം റെനെഗെഡ്‌സിന് സാധിച്ചില്ല.
നേരത്തെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത റെനെഗെഡ്‌സിന് തുടക്കത്തിലേ പിഴച്ചിരുന്നു. 87 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടാണ് സ്‌ക്രോച്ചേഴ്‌സ് പടുത്തുയര്‍ത്തിയത്. 29 പന്തില്‍ നിന്നും 54 റണ്‍സ് നേടിയ സ്റ്റീഫന്‍ എസ്‌കിനാസിയും 50 പന്തില്‍ നിന്നും പുറത്താവാതെ 95 റണ്‍സ് നേടിയ കാമറൂണ്‍ ബെന്‍ക്രോഫ്റ്റും സ്‌ക്രോച്ചേഴ്‌സ് ഇന്നിങ്‌സിന് അടിത്തറയിട്ടു.
9️⃣5️⃣* runs 🏏
1️⃣1️⃣ boundaries 💥
1️⃣9️⃣0️⃣ strike rate! 🔥Bangers took matters into his own hands today, dominating with the bat 💪 #MADETOUGH #BBL12 pic.twitter.com/stc5sLLY1y
— Perth Scorchers (@ScorchersBBL) January 22, 2023
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് സ്‌ക്രോച്ചേഴ്‌സ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റെനെഗെഡ്‌സിന് ഓപ്പണര്‍ ഷോണ്‍ മാര്‍ഷ് മികച്ച തുടക്കം നല്‍കിയിരുന്നു. 34 പന്തില്‍ നിന്നും 54 റണ്‍സാണ് താരം സ്വന്തമാക്കിയത്. ശേഷം നാലാമനായി ഇറങ്ങിയ ആരോണ്‍ ഫിഞ്ചാണ് ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചത്.
35 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയും ആറ് സിക്‌സറുമായി ഫിഞ്ച് പുറത്താകാതെ നിന്നു. ഫിഞ്ചിന് പുറമെ 18 പന്തില്‍ നിന്നും 30 റണ്‍സുമായി വില്‍ സതര്‍ലാന്‍ഡ് ഒരു കൗണ്ടര്‍ അറ്റാക്കിന് ശ്രമിച്ചെങ്കിലും വിജയിക്കാന്‍ അത് പോരാതെ വരികയായിരുന്നു.
നിശ്ചിത ഓവറില്‍ റെനെഗെഡ്‌സ് അഞ്ചിന് 202 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചതോടെ സ്‌ക്രോച്ചേഴ്‌സ് പത്ത് റണ്‍സിന്റെ വിജയം ആഘോഷിച്ചു.
14 മത്സരത്തില്‍ നിന്നും 11 വിജയവുമായി 22 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സ്‌ക്രോച്ചേഴ്‌സ്. 12 പോയിന്റുമായി റെനെഗെഡ്‌സ് നാലാമതാണ്.
Content Highlight: Andrew Tye with most expensive over in BBL history