Kerala News
പി.വി. അന്‍വറിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഡി.വൈ.എസ്.പിക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
1 day ago
Thursday, 20th March 2025, 7:22 pm

തിരുവനന്തപുരം: പി.വി അന്‍വറിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഡി.വൈ.എസ്.പി എം.ഐ ഷാജിക്ക് സസ്‌പെന്‍ഷന്‍. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ച സംഭവത്തിലെ ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയതിനാണ് നടപടി.

ആശ്രമം കത്തിച്ച് കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടാണ് പി.വി. അന്‍വര്‍ പുറത്തുവിട്ടത്. ഈ റിപ്പോര്‍ട്ട് രഹസ്യ സ്വഭാവമുള്ളതായിരുന്നു. ഇതാണ് മലപ്പുറം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പി.വി അന്‍വര്‍ പുറത്ത് വിട്ടത്.

വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ആഭ്യന്തര വകുപ്പില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതാണ് പിന്നീട് ഇന്റലിജന്‍സ് അന്വേഷണത്തിലേക്ക് വഴി വെച്ചത്. ഇന്റലിജന്‍സ് അന്വേഷണത്തിലാണ് അന്ന് ക്രൈബ്രാഞ്ചില്‍ ഉണ്ടായിരുന്ന എം.ഐ ഷാജിയാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന്‌ മനസിലായത്.

ഇദ്ദേഹം പല തവണ പി.വി അന്‍വറുമായി ഫോണില്‍ ബന്ധപ്പെടുകയും മലപ്പുറത്ത് നേരിട്ട് പോയി പി.വി അന്‍വറിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പിന്നീട് ഡി.ജി.പിക്ക് കൈമാറിയിരുന്നു. നേരെത്തെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തിരുന്ന ഷാജിയെ കാസര്‍ഗോഡേക്ക് സ്ഥലം മാറ്റിയിരുന്നു.

എം.ഐ ഷാജിക്ക് പുറമെ മദ്യപിച്ച് വാഹനമോടിച്ച് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പി അനില്‍ക്കുമാറിനും സസ്‌പെന്‍ഷന്‍ ഉണ്ട്.

Content Highlight: DYSP suspended for leaking information to PV Anwar