ഒറ്റ റെഡ് കാർഡ് പോലുമില്ലതെ 1000 മത്സരങ്ങൾ, ഇങ്ങേര് എന്തൊരു മനുഷ്യനാ; ചരിത്രനേട്ടത്തിൽ ഇനിയസ്റ്റ
Football
ഒറ്റ റെഡ് കാർഡ് പോലുമില്ലതെ 1000 മത്സരങ്ങൾ, ഇങ്ങേര് എന്തൊരു മനുഷ്യനാ; ചരിത്രനേട്ടത്തിൽ ഇനിയസ്റ്റ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th March 2024, 7:45 am

മുന്‍ ബാഴ്‌സലോണ താരവും സ്പാനിഷ് ഇതിഹാസവുമായ ആന്ദ്രേ ഇനിയസ്റ്റ തന്റെ ഫുട്‌ബോള്‍ കരിയറില്‍ പുതിയൊരു നാഴികകല്ല് പിന്നിട്ടു. ഫുട്‌ബോളില്‍ 1000 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന ചരിത്രനേട്ടമാണ് സ്പാനിഷ് ഇതിഹാസം സ്വന്തമാക്കിയത്.

യു.എ.ഇ പ്രോ ലീഗില്‍ അജ്മാനെതിരെ എമിറേറ്റ്സ് എഫ്.സിക്ക് വേണ്ടി കളത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇനിയസ്റ്റ ഈ പുതിയ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്. തന്റെ ഫുട്‌ബോള്‍ കരിയറില്‍ ഒരു റെഡ് കാര്‍ഡ് പോലും വാങ്ങാതെയാണ് ഇനിയസ്റ്റ 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നത് ഏറെ ശ്രദ്ധേയമാണ്.

മത്സരത്തില്‍ 80ാം മിനിട്ട് മൈതാനത്ത് നിറഞ്ഞുകളിക്കാന്‍ ഇനിയസ്റ്റക്ക് സാധിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ അജ്മാന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കുകയായിരുന്നു.

അതേസമയം 2014 മുതല്‍ 2017 വരെയാണ് ഇനിയസ്റ്റ സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയോടൊപ്പം ബൂട്ട് കെട്ടുന്നത്. കാറ്റാലന്‍മാരോടൊപ്പം അവിസ്മരണീയമായ ഒരു കരിയറാണ് സ്പാനിഷ് ഇതിഹാസം സ്വന്തമാക്കിയത്.

താരത്തിന്റെ കരിയറിലെ 1000 മത്സരങ്ങള്‍ പിന്നിട്ടതിന് പിന്നാലെ ബാഴ്‌സലോണയുടെ നിലവിലെ പരിശീലകനും മുന്‍ സ്പാനിഷ് താരവുമായ സാവി ഇനിയസ്റ്റയെ പ്രശംസിച്ചു കൊണ്ടും സംസാരിച്ചു.

‘സ്പാനിഷ് ഫുട്‌ബോളില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച താരമാണ് ഇനിയസ്റ്റ. അദ്ദേഹം എന്റെ ഒരു സുഹൃത്ത് കൂടിയാണ്. 1000 മത്സരങ്ങള്‍ കളിച്ച അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളാണ് ഇനിയസ്റ്റ,’ സാവിയെ ഉദ്ധരിച്ച് ബാര്‍സ യൂണിവേഴ്‌സല്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Andres Iniesta complete 1000 mathes in football