അമേരിക്കക്കെതിരെ ഇടിമിന്നലും കൊടുങ്കാറ്റും ഒരുമിച്ച് വന്നു; ഇവൻ തിരുത്തിക്കുറിച്ചത് വിൻഡീസിന്റെ ടി-20 ചരിത്രം
Cricket
അമേരിക്കക്കെതിരെ ഇടിമിന്നലും കൊടുങ്കാറ്റും ഒരുമിച്ച് വന്നു; ഇവൻ തിരുത്തിക്കുറിച്ചത് വിൻഡീസിന്റെ ടി-20 ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 22nd June 2024, 8:40 am

ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസ് യു.എസ്.എയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ റോവ്മന്‍ പവല്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസ് നായകന്റെ ഈ തീരുമാനം ശരിവെക്കുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത അമേരിക്കയെ 19.5 ഓവറില്‍ 128 റണ്‍സിന് പുറത്താക്കുകയായിരുന്നു കരീബിയന്‍ പട.

വിന്‍ഡീസ് ബൗളിങ്ങില്‍ ആന്ദ്രേ റസല്‍, റോസ്റ്റോണ്‍ ചെയ്സ് എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും ഗുടാകേഷ് മോട്ടി ഒരു വിക്കറ്റും നേടി മികച്ച പ്രകടനമാണ് നടത്തിയത്.

ചെയ്സ് നാല് ഓവറില്‍ 19 റണ്‍സ് വിട്ടുനല്‍കിയാണ് മൂന്ന് വിക്കറ്റുകള്‍ നേടിയത്. മറുഭാഗത്ത് റസല്‍ 3.5 ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. സ്റ്റീവന്‍ ടെയ്ലര്‍, ഷാഡ്‌ലി വാന്‍ ഷാല്‍കൈ്വക്, സൗരബ് നേത്രാവല്‍ക്കര്‍ എന്നിവരെയാണ് റസല്‍ പുറത്താക്കിയത്. ഈ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും റസല്‍ സ്വന്തമാക്കി.

ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് റസല്‍ കാലെടുത്തുവെച്ചത്. ഇതോടെ മുന്‍ വിന്‍ഡീസ് താരം ഡെയ്ന്‍ ബ്രാവോയുടെ റെക്കോഡിനൊപ്പമെത്താനും റസലിന് സാധിച്ചു. 27 വിക്കറ്റുകളാണ് ഇരു താരങ്ങളും ലോകകപ്പില്‍ നേടിയിട്ടുള്ളത്. 24 വിക്കറ്റുകള്‍ വീഴ്ത്തിയ മുന്‍ താരം സാമുവല്‍ ബദ്രിയാണ് ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.

16 പന്തില്‍ 29 റണ്‍സ് നേടിയ ആന്‍ഡ്രിയാസ് ഗൗസ് ആണ് അമേരിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. മൂന്ന് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. 19 പന്തില്‍ 20 റണ്‍സ് നേടി നിതീഷ് കുമാറും 21 പന്തില്‍ 19 റണ്‍സ് നേടി മിലിന്ദ് കുമാറും മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

 

Content Highlight: Andre Russel Create a new Record in T20 World Cup