ദല്‍ഹിയെ അടിച്ചുതകര്‍ത്ത് നേടിയത് 'ഡബിള്‍ സെഞ്ച്വറി' റെക്കോഡ്; റസലാട്ടത്തില്‍ പിറന്നത് ഒന്നൊന്നര ചരിത്രം
Cricket
ദല്‍ഹിയെ അടിച്ചുതകര്‍ത്ത് നേടിയത് 'ഡബിള്‍ സെഞ്ച്വറി' റെക്കോഡ്; റസലാട്ടത്തില്‍ പിറന്നത് ഒന്നൊന്നര ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th April 2024, 9:45 am

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഹാട്രിക് ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ 106 റണ്‍സിനാണ് കൊല്‍ക്കത്ത തകര്‍ത്തത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 17.2 ഓവറില്‍ 166 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ കൊല്‍ക്കത്തയുടെ ബാറ്റിങ്ങില്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് മിന്നും പ്രകടനമാണ് ആന്ദ്രേ റസല്‍ നടത്തിയത്. 19 പന്തില്‍ 41 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ നേടിയത്. 215.79 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റസലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും റസലിന് സാധിച്ചു. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ടീമിന് വേണ്ടി മാത്രം 200+ സിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയിലേക്കാണ് റസല്‍ കാലെടുത്തുവെച്ചത്.

ഐ.പി.എല്ലില്‍ ഒരു ടീമിന് വേണ്ടി മാത്രം 200+ സിക്‌സുകള്‍ നേടിയ താരം, ടീം, സിക്‌സുകളുടെ എണ്ണം എന്നീ ക്രമത്തില്‍

വിരാട് കോഹ്‌ലി-242- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

ക്രിസ് ഗെയ്ല്‍-239-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

എ.ബി ഡിവില്ലിയേഴ്‌സ്-238-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

കീറോണ്‍ പൊള്ളാര്‍ഡ്-223- മുംബൈ ഇന്ത്യന്‍സ്

എം.എസ് ധോണി-212- ചെന്നൈ സൂപ്പര്‍ കിങ്‌സ്

രോഹിത് ശര്‍മ-210- മുംബൈ ഇന്ത്യന്‍സ്

ആന്ദ്രേ റസല്‍-200*- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്തയുടെ ബാറ്റിങ്ങില്‍ റസലിന് പുറമെ 39 പന്തില്‍ 85 റണ്‍സ് നേടി സുനില്‍ നരേന്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഏഴു വീതം ഫോറുകളും സിക്സുകളും ആണ് വെസ്റ്റ് ഇന്‍ഡീസ് താരം അടിച്ചെടുത്തത്. അന്‍ക്രിഷ് രഖുവംശി 27 പന്തില്‍ 54 റണ്‍സും റിങ്കു സിങ് എട്ട് പന്തില്‍ 26 റണ്‍സും നേടി മിന്നിത്തിളങ്ങിയപ്പോള്‍ കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു.

ക്യാപ്പിറ്റല്‍സ് ബൗളിങ്ങില്‍ ആന്റിച്ച് നോര്‍ക്യ മൂന്ന് വിക്കറ്റും ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

കൊല്‍ക്കത്തയുടെ ബൗളിങ്ങില്‍ വൈഭവ് അരോര, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ മൂന്നു വീതം വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടം നടത്തിയപ്പോള്‍ ക്യാപിറ്റല്‍സ് ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.

ദല്‍ഹി ബാറ്റിങ്ങില്‍ നായകന്‍ റിഷബ് പന്ത് 25 പന്തി 55 റണ്‍സും ട്രിസ്റ്റണ്‍ സ്റ്റബ്സ് 32 പന്തില്‍ 54 റണ്‍സും നേടി നിര്‍ണായകമായെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

ജയത്തോടെ മൂന്നു മത്സരങ്ങളും വിജയിച്ചു ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഏപ്രില്‍ എട്ടിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.

Content Highlight: Andre Russel create a new record in IPL