ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഹാട്രിക് ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ 106 റണ്‍സിനാണ് കൊല്‍ക്കത്ത തകര്‍ത്തത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 17.2 ഓവറില്‍ 166 റണ്‍സിന് പുറത്താവുകയായിരുന്നു
മത്സരത്തില്‍ കൊല്‍ക്കത്തയുടെ ബാറ്റിങ്ങില്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് മിന്നും പ്രകടനമാണ് ആന്ദ്രേ റസല്‍ നടത്തിയത്. 19 പന്തില്‍ 41 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ നേടിയത്. 215.79 സ്ട്രൈക്ക് റേറ്റില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റസലിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്.
ബൗളിങ്ങില്‍ ഒരു വിക്കറ്റ് നേടാനും റസലിന് സാധിച്ചിരുന്നു. ആറ് പന്തില്‍ നാല് റണ്‍സ് നേടിയ ആന്റിച്ച് നോര്‍ക്കെയെ പുറത്താക്കി കൊണ്ടാണ് താരം ഒരു വിക്കറ്റ് നേടിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനു പിന്നാലെ പുതിയൊരു നാഴികക്കല്ലിലേക്കാണ് റസല്‍ നടന്നുകയറിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 100 വിക്കറ്റുകള്‍ എന്ന നേട്ടമാണ് റസല്‍ സ്വന്തമാക്കിയത്.
Bowing down to 𝐃𝐫𝐞 𝐑𝐮𝐬𝐬, the bowler now! 🙇 pic.twitter.com/czSE6sdU04
— KolkataKnightRiders (@KKRiders) April 3, 2024
റസലിന് പുറമെ 39 പന്തില്‍ 85 റണ്‍സ് നേടി സുനില്‍ നരേന്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഏഴു വീതം ഫോറുകളും സിക്‌സുകളും ആണ് വെസ്റ്റ് ഇന്‍ഡീസ് താരം അടിച്ചെടുത്തത്. അന്‍ക്രിഷ് രഖുവംശി 27 പന്തില്‍ 54 റണ്‍സും റിങ്കു സിങ് എട്ട് പന്തില്‍ 26 റണ്‍സും നേടി മിന്നിത്തിളങ്ങിയപ്പോള്‍ കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു.
കൊല്‍ക്കത്തയുടെ ബൗളിങ്ങില്‍ വൈഭവ് അരോര, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ മൂന്നു വീതം വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടം നടത്തിയപ്പോള്‍ ക്യാപിറ്റല്‍സ് ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.
ദല്‍ഹി ബാറ്റിങ്ങില്‍ നായകന്‍ റിഷബ് പന്ത് 25 പന്തി 55 റണ്‍സും ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 32 പന്തില്‍ 54 റണ്‍സും നേടി നിര്‍ണായകമായെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
Content Highlight: Andre Russel create a new milestone for kkr