'അത്ഭുത ആയുര്‍വേദ മരുന്ന്' കണ്ണിലൊഴിച്ച് കൊവിഡ് മാറിയെന്നു പറഞ്ഞയാള്‍ മരിച്ചു
national news
'അത്ഭുത ആയുര്‍വേദ മരുന്ന്' കണ്ണിലൊഴിച്ച് കൊവിഡ് മാറിയെന്നു പറഞ്ഞയാള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st May 2021, 11:00 pm

ഹൈദരാബാദ്: ‘അത്ഭുത ആയുര്‍വേദ മരുന്ന്’ കഴിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കൊവിഡ് രോഗം ഭേദമായെന്ന് അവകാശപ്പെട്ടയാള്‍ മരിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂരിലെ റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍ ആയ എന്‍ കോട്ടയ്യയാണ് തിങ്കളാഴ്ച മരിച്ചത്.

നെല്ലൂരിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്ധ്രയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘അത്ഭുത മരുന്ന്’കഴിച്ച് കൊവിഡ് ഭേദമായി എന്ന് അവകാശപ്പെട്ട് ഇദ്ദേഹം രംഗത്തെത്തിയിരുന്നു.

കൃഷ്ണപട്ടണം സ്വദേശിയായ ബി ആനന്ദയ്യായുടെ ഹെര്‍ബല്‍ ഐ ഡ്രോപ്പ് ഉപയോഗിച്ച് കൊവിഡ് മുക്തി നേടിയെന്നായിരുന്നു ഇയാളുടെ വാദം.

ഇയാളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നിരവധിയാളുകളാണ് സൗജന്യമായി വിതരണം ചെയ്തിരുന്ന അത്ഭുത ആയുര്‍വേദ മരുന്നിനായി കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് നെല്ലൂരിലെ കൃഷ്ണപട്ടണത്തിലെത്തിയത്.

ആനന്ദയ്യക്കൊപ്പമുള്ള മൂന്ന് പേര്‍ക്ക് കൊവിഡ് പോസിറ്റീവായതായി ആന്ധ്രയിലെ ആരോഗ്യവകുപ്പ് വിശദമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും മറികടന്ന് നടന്നിരുന്ന മരുന്ന് വിതരണം സര്‍ക്കാര്‍ നിര്‍ത്തിവെയ്പ്പിച്ചു.

എന്നാല്‍ ഈ മരുന്നിന്റെ വിതരണത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി അനുമതി നല്‍കി. മരുന്നിന്റെ ഫലത്തേക്കുറിച്ചും ബി ആനന്ദയ്യയുടെ യോഗ്യതയേക്കുറിച്ചും പരാതി ഉയര്‍ന്നതോടെ മരുന്ന് പരിശോധനയ്ക്ക് അയച്ചിരുന്നു. സി.സി.ആര്‍.എ.എസിന്റെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്നിന് വീണ്ടും വിതരണാനുമതി നല്‍കിയത്.

മരുന്ന് ഉപയോഗിക്കുന്നത് അപകടമുണ്ടാക്കുന്നതല്ലെന്നായിരുന്നു സി.സി.ആര്‍.എ.എസിന്റെ പരിശോധനാഫലം. എന്നാല്‍ കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നിന് വിതരണാനുമതി നല്‍കിയിട്ടില്ല. ഇതിന്റെ പരിശോധനാഫലം ഇതുവരെ വന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highl;ights: Andhra Pradesh man who claimed ‘miracle’ drug cured him of Covid-19 dies