അമരാവതി: സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുനിരത്തുകളില്‍ സമ്മേളനങ്ങളും റാലികളും നടത്തുന്നത് നിരോധിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍.
കഴിഞ്ഞ ആഴ്ച തെലുങ്കു ദേശം പാര്‍ട്ടി (ടി.ഡി.പി) നടത്തിയ റാലികള്‍ക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. തിങ്കളാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയത്.
റോഡുകളിലെ പൊതുയോഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നതായി ഉത്തരവില്‍ പറയുന്നു. ഇത്തരം പൊതുയോഗങ്ങള്‍ പരിക്കുകള്‍ക്കും മരണങ്ങള്‍ക്കും ഇടയാക്കുമെന്ന് തെളിയിഞ്ഞതായും ഉത്തരവിലുണ്ട്.
ഗതാഗതം, പൊതുഗതാഗതം, അടിയന്തര സര്‍വീസുകള്‍ എന്നിവയെ തടസ്സപ്പെടുത്താത്ത പൊതുയോഗങ്ങള്‍ നടത്തുന്നതിനായി പൊതുനിരത്തുകളില്‍ നിന്ന് മാറി നിയുക്ത സ്ഥലങ്ങള്‍ കണ്ടെത്തണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹരീഷ് കുമാര്‍ ഗുപ്ത അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനും പൊലീസിനും നിര്‍ദേശം നല്‍കുകയും ചെയ്തു.
എന്നാല്‍ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. സര്‍ക്കാര്‍ ഓര്‍ഡറിനെ ക്രൂരത എന്ന് വിളിക്കുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ തെലുഗുദേശം പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പങ്കെടുത്ത പൊതുയോഗത്തില്‍ തിക്കിലും തിരക്കിലും മൂന്ന് പേര്‍ മരിച്ചിരുന്നു.
ഡിസംബര്‍ 28ന് നെല്ലൂരില്‍ ചന്ദ്രബാബു നായിഡു നടത്തിയ റോഡ് ഷോയ്ക്കിടെ അഴുക്കുചാലില്‍ വീണ് എട്ട് പേര്‍ മരിച്ചിരുന്നു. ചന്ദ്രബാബു നായിഡു എത്തിയതോടെ വലിയ തിരക്കുണ്ടാവുകയായിരുന്നു.