ന്യൂദല്‍ഹി: മിറര്‍ നൗ ചാനലിന്റെ അവതാരകയായ ഫായി ഡിസൂസയ്ക്ക് എതിരെ ഒരു മതപുരോഹിതന്‍ നടത്തിയ അധിക്ഷേപമാണ് ഇന്ന് നവമാധ്യമങ്ങളിലെ ചര്‍ച്ച. വസ്ത്രധാരണം അടക്കമുളള കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്രം നിഷേധിക്കുന്നതിനെ കുറിച്ചുളള ചര്‍ച്ചയിലാണ് മതപുരോഹിതന്‍ അവതാരകയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
“പുരുഷന് തുല്യമാണ് സ്ത്രീയെന്ന് കാണിക്കാന്‍ ജോലിസ്ഥലത്ത് നിങ്ങള്‍ അടിവസ്ത്രം ഇട്ട് വരു” എന്നായിരുന്നു അവതാരകയോട് മതപുരോഹിതന്‍ പറഞ്ഞത്. ഇതിന് ശക്തമായ ഭാഷയില്‍ തന്നെ ഫായി ഡിസൂസ തിരിച്ചടിക്കുകയായിരുന്നു. രണ്ട് മിനുറ്റ് നേരത്തേക്ക് അതിഥികളോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു കൊണ്ടായിരുന്നു അവതാരകയുടെ മറുപടി.
“കേള്‍ക്കു മൗലാനാ ജി, ഞാന്‍ താങ്കളുടെ വാക്കുകളില്‍ ഭയപ്പെടുന്നില്ല. ഇതാണ് എന്റെ തൊഴിലിടം. ഇവിടെയാണ് അടിവസ്ത്രം ഇട്ട് വരണമെന്ന് നിങ്ങള് പറഞ്ഞത്. നിങ്ങളുടെ വാക്കുകളില്‍ ഞാന്‍ പരിഭ്രാന്തപ്പെടുന്നില്ല. കാരണം, നിങ്ങള്‍ വില കുറഞ്ഞ വാക്കുകള്‍ കൊണ്ടാണ് എന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചത്. നിങ്ങളെ പോലുള്ള ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇത് തന്നെയാണ് നിങ്ങള്‍ സാനിയാ മിര്‍സയോട് ചെയ്തത്. ഇത് തന്നെയാണ് നിങ്ങള്‍ സന ഫാത്തിമയോട് ചെയ്തത്. മൗലാനാ ജി നിങ്ങള്‍ക്കിതാ ഒരു വാര്‍ത്ത, അവരവരുടെ തൊഴില്‍ ചെയ്യുന്ന ഓരോ സ്ത്രീകളേയും ഭയപ്പെടുത്തി അടുക്കളയിലേക്ക് തിരിച്ചയക്കാനാണ് നിങ്ങളുടെ മോഹമെങ്കില്‍ അത് നടക്കില്ല,” ഫായി ഡിസൂസ വായടപ്പിക്കുന്ന മറുപടിയില്‍ പുരോഹിതന്‍ നിഷ്പ്രഭനായി പോയെന്നതാണ് വാസ്തവം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നടിമാരുടെ വസ്ത്രധാരണത്തിനെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍ വര്‍ധിച്ചു വരികയാണ്. പ്രിയങ്ക ചോപ്രയേയും ദീപികാ പദുകോണിനേയും ഫാത്തിമ സന ഷൈഖിനേയും കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യല്‍മീഡിയയില്‍ സദാചാരവാദികള്‍ ആക്രമിച്ചത്. ഇത്തരക്കാര്‍ക്ക് തക്കതായ മറുപടിയും സോഷ്യല്‍മീഡിയ വഴി തന്നെ ഇവര്‍ നല്‍കുകയും ചെയ്തിരുന്നു.
മലയാളി താരം അമലാ പോളിനു നേരേയും അത്തരക്കാരുടെ ആക്രമണമുണ്ടായിരുന്നു.