ഇതുവരെയുള്ള സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും നന്ദിയുള്ളത് അദ്ദേഹത്തോട്: അനശ്വര രാജന്‍
Entertainment
ഇതുവരെയുള്ള സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും നന്ദിയുള്ളത് അദ്ദേഹത്തോട്: അനശ്വര രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th January 2025, 1:16 pm

2017ല്‍ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അനശ്വര രാജന്‍. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര എത്തിയത്. പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ നടിക്ക് സാധിച്ചിരുന്നു. 2023ല്‍ പുറത്തിറങ്ങിയ നേരില്‍ അനശ്വരയുടെ പ്രകടനത്തെ പലരും അഭിനന്ദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിലും അനശ്വര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

തന്റെ സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജന്‍. ഇതുവരെയുള്ള കരിയറില്‍ തനിക്ക് ഏറ്റവും കൂടുതല്‍ നന്ദിയുള്ളത് ആദ്യ സിനിമയായ ഉദാഹരണം സുജാതയുടെ നിര്‍മാതാവ് മാര്‍ട്ടിന്‍ പ്രക്കാട്ടിനോടാണെന്ന് അനശ്വര പറയുന്നു. തന്റെ ആലോചനയില്‍ പോലും സിനിമ ഉണ്ടായിരുന്നില്ലെന്നും അങ്ങനെയുള്ള താന്‍ ആദ്യ സിനിമ തന്നെ നല്ല ടീമിനോടൊപ്പം എത്തിയെന്നും നടി പറഞ്ഞു.

ഇപ്പോഴും എന്തെങ്കിലും പ്രശ്‌നങ്ങളോ ടെന്‍ഷനോ വരുമ്പോള്‍ ആദ്യം വിളിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടിനെ ആണെന്നും അനശ്വര വ്യക്തമാക്കി. സംവിധായകരായ ജീത്തു ജോസഫ്, ഗിരീഷ് എ.ഡി, വിപിന്‍ ദാസ് തുടങ്ങിയവരോടും കൂടെ അഭിനയിച്ചവരോടും തന്റെ അമ്മയോടും ചേച്ചിയോടും നന്ദിയുണ്ടെന്നും അനശ്വര പറഞ്ഞു. എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനശ്വര രാജന്‍.

‘എന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഏറ്റവും ആദ്യം എന്റെ മനസില്‍ വരുന്ന മുഖം എന്റെ ആദ്യത്തെ സിനിമയുടെ നിര്‍മാതാവായ മാര്‍ട്ടിന്‍ പ്രക്കാട്ട് തന്നെയാണ്. അദ്ദേഹത്തിന്റെ മുഖമാണ് എനിക്ക് ആദ്യം വരുന്നത്. എന്റെ ആലോചനയില്‍ പോലും സിനിമ ഉണ്ടായിരുന്നില്ല. അങ്ങനെ ഉള്ള ഞാന്‍ ആദ്യത്തെ സിനിമ തന്നെ നല്ല ഒരു ടീമിന്റെ കൂടെ എത്തി.

ഇപ്പോഴും എനിക്ക് എന്തെങ്കിലും ഒരു പ്രശ്‌നം വരുമ്പോഴോ ടെന്‍ഷന്‍ ആകുമ്പോഴോ ആദ്യം വിളിക്കുന്നത് മാര്‍ട്ടിന്‍ സാറിനെയാണ്. പക്ഷെ ഒരുപാട് പേരോട് എനിക്ക് നന്ദിയും സ്‌നേഹമുണ്ട്. ജീത്തു സാര്‍, ഗിരീഷ് ഏട്ടന്‍, വിപിന്‍ ചേട്ടന്‍ തുടങ്ങി ഒരുപാട് സംവിധായകരും അഭിനേതാക്കളും എന്റെ അമ്മയും ചേച്ചിയും അങ്ങനെ ഒരുപാട് പേരുടെ മുഖങ്ങള്‍ വന്ന് പോകാറുണ്ട്,’ അനശ്വര രാജന്‍ പറയുന്നു.

Content Highlight: Anaswara Rajan Says She Have Gratitude To Producer Martin Prakkart