സൂപ്പർ അനശ്വര, ഉദാഹരണം സാറ
Entertainment
സൂപ്പർ അനശ്വര, ഉദാഹരണം സാറ
നവ്‌നീത് എസ്.
Friday, 22nd December 2023, 12:15 pm

അനശ്വര രാജൻ, ഈ പേര് മലയാള സിനിമയിൽ മുഴങ്ങി കേൾക്കാൻ തുടങ്ങിയിട്ട് 6 വർഷം മാത്രമേ ആയിട്ടുള്ളൂ. 2017ൽ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര രാജൻ മലയാളത്തിലേക്ക് കടന്നുവരുന്നത്. സുജാതയുടെ മകളായ ആതിര കൃഷ്ണൻ എന്ന പത്താം ക്ലാസ്സുകാരിയായി അനശ്വര വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

അമ്മയോടുള്ള സ്നേഹവും വാശിയുമെല്ലാം കണ്ടിരിക്കുന്ന പ്രേക്ഷകനും തോന്നിപ്പിക്കുന്ന വിധത്തിൽ ആതിരയെ അനശ്വര മനോഹരമാക്കുകയായിരുന്നു.
ശേഷം വന്ന തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു സ്കൂൾ വിദ്യാർത്ഥിയായി അനശ്വര എത്തിയപ്പോൾ ആ ചിത്രവും വലിയ വിജയമായി മാറി. ബാലതാരത്തിൽ നിന്നുള്ള ചുവടുമാറ്റമാണ് പിന്നീട് കണ്ടത്. ആ യാത്ര ഇന്നിപ്പോൾ നേരിലെ സാറയിൽ വരെ എത്തി നിൽക്കുന്നു.

മലയാളത്തിലെ ഹിറ്റ് കോമ്പോയായ മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച നേരിലൂടെ തിയേറ്ററുകളിലും സോഷ്യൽ മീഡിയയിലും കയ്യടി നേടുകയാണ് അനശ്വര രാജൻ. കാഴ്ചയില്ലാത്ത സാറയായി താരം സ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുമ്പോൾ അത് അനശ്വര രാജൻ എന്ന നടിയുടെ കരിയറിൽ പുതു വെളിച്ചമായി മാറുന്നുണ്ട്.

അഡ്വക്കേറ്റ് വിജയ് മോഹനായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ഒട്ടും ഹീറോയിക് അല്ലാത്ത നായകനായാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ റിലീസിന് മുമ്പ് നടന്ന പ്രൊമോഷൻ അഭിമുഖങ്ങളിലെല്ലാം ജീത്തു ജോസഫ് ആവർത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു, നേര് ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണെന്ന്.

അത് പൂർണമായി ശരിവെക്കുന്നതായിരുന്നു അനശ്വരയുടെ പ്രകടനം. പ്രത്യേകിച്ച് മോഹൻലാലും അനശ്വരയും ഒന്നിച്ചുവരുന്ന സീനുകളിലെല്ലാം പ്രകടനം കൊണ്ട് ഒരുപാട് മുകളിലേക്ക് പോകുന്നുണ്ട് താരം. താൻ നേരിട്ട അക്രമണത്തെ പറ്റി സംസാരിക്കുമ്പോഴും അതിനായി ഏതറ്റം വരെ പോവാനും തയ്യാറാവുന്ന സാറ പലപ്പോഴും പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളാൽ കോടതിയിൽ നിന്ന് വിട്ടുനിൽക്കുന്ന നായകൻ പിന്നീട് വീണ്ടും കോടതിയിലേക്ക് വരുന്നത് സാറക്ക് വേണ്ടിയാണ്.

വിജയ് മോഹന്‍ എന്ന കഥാപാത്രത്തെ പോലെ കാണുന്ന പ്രേക്ഷകനും ആ കാര്യം കൺവിൻസാവണം. അവിടെയാണ് അനശ്വരയുടെ പ്രകടനം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നത്. സിനിമയുടെ അവസാനം വിജയ് മോഹനെ പോലെ തന്നെ കാണികളുടെയും കണ്ണ് നിറയുന്നത് അത് കൊണ്ടാണ്.

ദൃശ്യത്തോട് അല്പം സാമ്യമുള്ള കഥയെ മുഴുവനായി ഒരു കോടതി മുറിക്കുള്ളിൽ തളച്ചിടുകയായിരുന്നു ചെയ്തത്. എന്നാൽ ദൃശ്യത്തിൽ നിന്ന് നേരിലേക്ക് വരുമ്പോൾ പവർ ഫുൾ നായികയാണ് സാറ. ജോർജ് കുട്ടിയുടെ മകൾക്ക് നൽകാത്ത ശബ്‌ദവും അഭിപ്രായങ്ങളും ബോധവുമെല്ലാം ജീത്തു തന്നെ തന്റെ സാറയ്ക്ക് നൽകുന്നു എന്നതാണ് ഏറ്റവും നല്ല മാറ്റം. അനശ്വരയുടെ പ്രകടനത്തിലൂടെ അത് കൂടുതൽ ബലപ്പെടുകയാണ്.

ബാലതാരത്തിൽ നിന്ന് മുൻനിര നായിക നടിയായി കൂടുമാറ്റം നടത്തിയപ്പോൾ തുടക്കത്തിൽ തന്നെ വിമർശനങ്ങൾ നേരിടേണ്ടിവന്ന വ്യക്തിയാണ് അനശ്വര. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കണോ എന്നായിരുന്നു അന്ന് പലരും ചോദിച്ചത്. ബാലതാരമായി കണ്ട ഒരാളെ പെട്ടെന്ന് നായികയായി ഉൾക്കൊള്ളാൻ പലർക്കും കഴിഞ്ഞില്ല എന്നതാണ് സത്യം.

സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ ശരണ്യയെന്ന ടൈറ്റിൽ കഥാപാത്രമായും അനശ്വര അഭിനയിച്ചു. മലയാളം പോലെ താരാധിപത്യം നിറഞ്ഞുനിൽക്കുന്ന ഒരു ഫിലിം ഇൻഡസ്ട്രിയൽ അതും വലിയ കാര്യം തന്നെയാണ്. ആദ്യരാത്രി, മൈക്ക്, പ്രണയ വിലാസം തുടങ്ങിയ സിനിമകളിലും അനശ്വര പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു. ഇവയ്‌ക്കെല്ലാം പുറമേ തമിഴിലും എന്തിന് അങ്ങ് ബോളിവുഡിലടക്കം അനശ്വര തന്റെ അടയാളപ്പെടുത്തൽ രേഖപ്പെടുത്തിയിരുന്നു.

മലയാളത്തിൽ സൂപ്പർ ഹിറ്റായ ബാംഗ്ലൂർ ഡേയ്‌സിന്റെ ഹിന്ദി പതിപ്പായ യാരിയാൻ 2 ൽ ഒരു നായികയായി എത്തിയത് അനശ്വരയായിരുന്നു. ഈ ചെറിയ പ്രായത്തിനിടയ്ക്ക്‌ ഇതെല്ലാം ചെറിയ കാര്യമാണോ എന്ന് ചോദിച്ചാൽ, ഒരിക്കലുമല്ല.

സോഷ്യൽ മീഡിയകളിലാണെങ്കിലും പലവിധത്തിലുള്ള സൈബർ അറ്റാക്സ് അനശ്വര നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം എന്ത് കൊണ്ടാണ്? ഒരിക്കൽ തള്ളി പറഞ്ഞവർ നമ്മളെ പൊക്കി പറയും എന്ന പോലെയാണ് ഇവിടെയും കാര്യങ്ങൾ. വിമർശകർക്ക് അനശ്വര തന്റെ പ്രകടനത്തിലൂടെ മറുപടി കൊടുത്തിരിക്കുകയാണ്. നല്ല തിരക്കഥകളുടെ ഭാഗമായി മാറാൻ കഴിഞ്ഞാൽ ഇനിയും അനശ്വരമായ കഥാപാത്രങ്ങൾ നൽകി മികച്ച സിനിമകളുടെ ഭാഗമാകാൻ അനശ്വരയ്‌ക്ക് സാധിക്കും. കാരണം ഇത്‌ മലയാള സിനിമയാണ്.

Content Highlight: Analysis Of Anaswara Rajan Performance In Neru Movie

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം