ചിരിക്കാനുമറിയാം ചിരിപ്പിക്കാനുമറിയാം റൊമാൻസിലും ഷൈൻ ചെയ്യുന്ന ഷെയ്ൻ
Entertainment
ചിരിക്കാനുമറിയാം ചിരിപ്പിക്കാനുമറിയാം റൊമാൻസിലും ഷൈൻ ചെയ്യുന്ന ഷെയ്ൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th June 2024, 4:15 pm

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ് ഷെയ്ൻ നിഗം മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ രാജീവ്‌ രവി ചിത്രമായ അന്നയും റസൂലും എന്ന സിനിമയാണ് ഷെയ്നിനെ മലയാളികൾക്കിടയിൽ സുപരിചിതനാക്കുന്നത്. ചിത്രത്തിൽ ആൻഡ്രിയ അവതരിപ്പിച്ച അന്നയുടെ സഹോദരനായിട്ടാണ് ഷെയ്ൻ വേഷമിട്ടത്.

പിന്നീട് രാജീവ്‌ രവി തന്റെ ‘ഞാൻ സ്റ്റീഫ്‌ ലോപ്പസ് എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ഷെയ്നിനെ പരിഗണിച്ചെങ്കിലും ചില കാരണങ്ങളാൽ അത് നടക്കാതെ പോയി. 2016ലാണ് നായകനായി ഷെയ്ൻ സിനിമയിൽ അഭിനയിക്കുന്നത്. കിസ്മത്ത് ആയിരുന്നു ആ സിനിമ. സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

തൊട്ടടുത്ത വർഷം ഇറങ്ങിയ C/O സൈറ ബാനു എന്ന സിനിമയിലൂടെ വീണ്ടും താരം വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഷെയ്ൻ ഏറെ ആരാധകരുള്ള ഒരു യുവതാരമായി മാറി.

ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, സൗബിൻ തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രത്തിൽ തന്റെ പ്രകടനം കൊണ്ട് ഷെയ്നും വലിയ കയ്യടി നേടിയിരുന്നു. ഇഷ്‌ക്, ഓള്, വലിയ പെരുന്നാൾ തുടങ്ങിയ സിനിമകളിൽ നായകനായി എത്തിയ ഷെയ്ൻ പ്രകടനം കൊണ്ട് ഞെട്ടിച്ച ചിത്രമായിരുന്നു ഭൂതകാലം.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിലെ ഷെയ്നിന്റെ പ്രകടനം വലിയ രീതിയിൽ കയ്യടി നേടി. ഭൂതകാലം, വെയിൽ, ഈട, ഇഷ്‌ക് എന്നീ ചിത്രങ്ങളിലെ അഭിനയം ഒരു പ്രത്യേകതരം കഥാപാത്രങ്ങളിലേക്ക് മാത്രം ഷെയ്നിനെ സ്റ്റീരിയോടൈപ്പ് ചെയ്യുന്നുവെന്ന തരത്തിൽ അഭിപ്രായങ്ങൾ വന്നിരിന്നു. ഡിപ്രഷൻ സ്റ്റാർ എന്ന തരത്തിൽ ട്രോളുകളടക്കം പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാൽ അതിൽ നിന്നെല്ലാം പുറത്തുകടക്കാനുള്ള ശ്രമങ്ങൾ ഷെയ്ൻ നടത്തി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പ്രണയ രംഗങ്ങൾ അഭിനയിക്കാൻ തന്റേതായ ഒരു രീതിയുള്ള നടനാണ് ഷെയ്ൻ. വളരെ നാച്ചുറലായി കയ്യടക്കത്തോടെ ഷെയ്ൻ റൊമാൻസ് ചെയ്ത് ഫലിപ്പിച്ചിട്ടുണ്ട്.

പറവ, ആർ. ഡി. എക്സ് എന്നീ ചിത്രങ്ങളിലെല്ലാം പ്രേക്ഷകർ അത് കണ്ടതാണ്. ആർ.ഡി. എക്‌സിന് ശേഷം ഷെയ്ൻ – മഹിമ പെയർ വീണ്ടും ഒന്നിച്ച ചിത്രമാണ് ലിറ്റിൽ ഹാർട്ട്സ്. പ്രേക്ഷകർക്ക് ഇഷ്ടമാവുന്ന വിധം ഇവരുടെ കെമിസ്ട്രി വീണ്ടും വർക്കൗട്ട് ആയിട്ടുണ്ട്. പ്രത്യേകിച്ച് ഷെയ്ൻ നിഗത്തിന്റെ ചില രംഗങ്ങളിലെ എക്സ്പ്രഷൻസെല്ലാം പ്രേക്ഷകർക്ക് ചിരി നൽകുന്നുണ്ട്.

മൂന്ന് വ്യത്യസ്ത പ്രണയകഥയെ ഒരുമിച്ച് പറയുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്ട്സ്. എന്നാൽ ഈ മൂന്നെണ്ണത്തെയും മുന്നോട്ട് കൊണ്ടുപോകുന്നത് ഷെയ്ൻ അവതരിപ്പിക്കുന്ന സിബി എന്ന കഥാപാത്രമാണ്. അതിൽ ഈ യുവ നടൻ പൂർണമായി വിജയിക്കുന്നുണ്ട്. സത്യത്തിൽ ഷെയ്ൻ എന്ന റൊമാന്റിക് ഹീറോയെ മലയാള സിനിമ ഇനിയും എക്സ്പ്ലോർ ചെയ്യാനുണ്ട്.

പ്രേക്ഷകർക്ക് നന്നായി കണക്റ്റ് ആവുന്ന വിധത്തിലാണ് ഷെയ്ൻ സിബിയെ അവതരിപ്പിച്ചിരിക്കുന്നത്. ഓവർ ആക്ടിങ് ആയാൽ കയ്യിൽ നിന്ന് പോവാൻ സാധ്യതയുള്ള ചിത്രത്തിന്റെ ക്ലൈമാക്സ്‌ രംഗങ്ങളിലെ ഭാഗങ്ങൾ അത്രയും നന്നായി ഷെയ്ൻ അവതരിപ്പിച്ചിട്ടുണ്ട്.

ഒരു ആവറേജ് സിനിമയായ ലിറ്റിൽ ഹാർട്ട്സിനെ പിടിച്ചു നിർത്തുന്നതും ഷെയ്ൻ അടക്കമുള്ള താരങ്ങളുടെ പ്രകടനമാണ്. ലിറ്റിൽ ഹാർട്ട്സ് എന്ന സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് മനസിൽ സൂക്ഷിക്കാവുന്ന പ്രകടനമായി മാറുന്നുണ്ട് ഷെയ്ൻ നിഗത്തിന്റെ സിബിച്ചൻ.

 

Content Highlight: Analysis of  Acting Of Shane Nigam In Little Hearts