എബിസിഡി എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് അമിത് ചക്കാലക്കല്‍. ജീന്‍ പോള്‍ ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ഹണി ബീയിലൂടെ അദ്ദേഹം പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി. വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയിലൂടെ നായകനടനായി മാറാനും അമിത്തിന് കഴിഞ്ഞു.
മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് അമിത് ചക്കാലക്കല്‍. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം താനും അഭിനയിച്ചിട്ടുണ്ടെന്ന് അമിത് പറയുന്നു. ആ സിനിമയുടെ സെറ്റില്‍ പ്രോസ്തറ്റിക് മേക്കപ്പ് ചെയ്യാന്‍ വന്നൊരു നോര്‍ത്ത് ഇന്ത്യന്‍ സ്ത്രീ ഉണ്ടായിരുന്നെന്നും അവര്‍ക്ക് മോഹന്‍ലാല്‍ വെറും വയസായ അഭിനേതാവ് എന്ന കാഴ്ചപ്പാടായിരുന്നെന്നും അമിത് പറഞ്ഞു.
എന്നാല്‍ മോഹന്‍ലാല്‍ വന്ന് അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ നോക്കിനിന്നെന്നും മോഹന്‍ലാല്‍ അവരെ ആരാധികയാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെര്‍ഫോമന്‍സുകൊണ്ട് ഫാനാക്കി മാറ്റുന്ന ആളാണ് മോഹന്‍ലാലെന്നും അമിത് ചക്കാലക്കല്‍ പറഞ്ഞു.
‘ഞാന്‍ ഇത് പറയാന്‍ പാടുണ്ടോയെന്ന് അറിയില്ല. കായംകുളം കൊച്ചുണ്ണി എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ലാലേട്ടന്‍ അന്ന് അഭിനയിക്കാന്‍ വരുന്ന സമയത്ത് ഒരു നോര്‍ത്ത് ഇന്ത്യക്കാരി അവിടെയുണ്ട്. പുള്ളിക്കാരി പ്രോസ്തറ്റിക് മേക്കപ്പ് ചെയ്യുന്ന ആളാണ്. ഒരു വെട്ടൊക്കെ മുഖത്ത് വെച്ചുകഴിഞ്ഞാല്‍ പത്തും മുപ്പതും ദിവസം കൃത്യമായി അവിടെത്തന്നെ ആ വേട്ടുവരണം.
അതുകൊണ്ടുതന്നെ നല്ല പൈസയെല്ലാം കൊടുത്താണ് അവരെ കൊണ്ടുവന്നിരിക്കുന്നത്. ഭയങ്കര ആറ്റിറ്റിയൂഡൊക്കെ ഇട്ടിട്ടാണ് പുള്ളിക്കാരി നില്‍ക്കുന്നത്. അന്ന് മോഹന്‍ലാല്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ ഇവളെ സംബന്ധിച്ചിടത്തോളം ഒരു പ്രായമായിട്ടുള്ള തടിയുള്ള ഒരു ആക്ടര്‍. പുള്ളിക്കാരി ലാലേട്ടന്‍ വലിയ വിലയൊന്നും കൊടുത്തിട്ടില്ലെന്ന് നമുക്ക് കാണുമ്പോള്‍ മനസിലാകും.
പക്ഷെ ലാലേട്ടന്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കൂളിങ് ഗ്ലാസൊക്കെ അഴിച്ചുവെച്ച് നോക്കിയിരിക്കുകയാണ്. ലാലേട്ടന്‍ ആ സെറ്റില്‍ ഉണ്ടായിരുന്ന ഒരാളെത്തന്നെ ഫാനാക്കി മാറ്റി. പെര്‍ഫോമന്‍സുകൊണ്ട് ഒരാളെ ഫാനാക്കി മാറ്റുക എന്നെല്ലാം പറയില്ലേ അതാണ് ലാലേട്ടന്‍ അവിടെ ചെയ്തത്. ഒന്നുരണ്ട് സിനിമ കണ്ടാല്‍ തന്നെ നമ്മള്‍ ലാലേട്ടന്റെ ആ വലയത്തില്‍ വീണുപോകും,’ അമിത് ചക്കാലക്കല്‍ പറയുന്നു.
Content Highlight: Amith Chakkalakkal Talks About Mohanlal