Advertisement
Movie Day
രാജ് താക്കറേയോടൊപ്പം വേദി പങ്കിട്ടതിന് അമിതാഭ് ബച്ചന് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Dec 25, 05:12 am
Wednesday, 25th December 2013, 10:42 am

[]മുംബൈ: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എം.എന്‍.എസ്) അദ്ധ്യക്ഷന്‍ രാജ് താക്കറെയോടൊപ്പം വേദി പങ്കിട്ടതിന് ബോളിവുഡ് സ്റ്റാര്‍ അമിതാഭ് ബച്ചന് വിമര്‍ശനം.

സമാജ് വാദി പാര്‍ട്ടി എം.എല്‍.എ അബു ആസ്മിയാണ് ബച്ചനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്.

വടക്കേ ഇന്ത്യക്കാരെ അധിക്ഷേപിച്ച രാജ് താക്കറേക്കൊപ്പം ബച്ചന്‍ വേദി പങ്കിട്ടപ്പോള്‍ കോടിക്കണക്കിന് വടക്കേ ഇന്ത്യക്കാരാണ് അപമാനിക്കപ്പെട്ടത്- അബു ആസ്മി പറഞ്ഞു.

ബച്ചനെ രാജ് താക്കറേയോടൊപ്പം കണ്ടപ്പോള്‍ വേദനയാണ് തോന്നിയതെന്നും ആസ്മി പറഞ്ഞു.

ബച്ചനെ മാത്രമാണോ അതോ വടക്കേ ഇന്ത്യക്കാരെ മുഴുവനും രാജ് താക്കറെ അംഗീകരിച്ചോ എന്ന് ബച്ചന്‍ ചോദിക്കേണ്ടതായിരുന്നു. വടക്കേ ഇന്ത്യക്കാരോട് മാപ്പ് പറയാനും താരത്തിന് ആവശ്യപ്പെടാമായിരുന്നു. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരുടെ പ്രതിനിധിയാണ് രാജ് താക്കറെ- ആസ്മി പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. രാജ് താക്കറേയുടെ ഇരട്ടത്താപ്പ് നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

എം.എന്‍.എസിന്റെ സിനിമാ സംഘടനയായ നവനിര്‍മ്മാണ്‍ ചിത്രപഥ് കര്‍മ്മചാരി സേനയുടെ ഏഴാം വാര്‍ഷികാഘോഷ പരിപാടിയിലാണ് ബച്ചന്‍ രാജ് താക്കറേയോടൊപ്പം വേദി പങ്കിട്ടത്.