മുമ്പ് കല്ല് കയ്യില്‍പിടിച്ച യുവാക്കള്‍ക്ക് സര്‍ക്കാര്‍ കമ്പ്യൂട്ടറും ജോലിയും നല്‍കി; ഭീകരതയെ പിന്തുണക്കുന്നവരെ കണ്ടെത്തി ഞങ്ങള്‍ വേരോടെ പിഴുതെറിഞ്ഞു: അമിത് ഷാ
ലഡാക്ക്: മുമ്പ് കല്ല് കയ്യില്‍പിടിച്ച് നടന്ന യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കമ്പ്യൂട്ടറും ജോലിയും നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ജമ്മു കശ്മീരില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വികസന കുതിപ്പിനെ കുറിച്ച് സംസാരിക്കവെയായിരുന്നു ചൊവ്വാഴ്ച അമിത് ഷായുടെ പരാമര്‍ശം.
കശ്മീര്‍ താഴ്‌വരയില്‍ നിന്ന് പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കല്ലെറിയല്‍ സംഭവങ്ങളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രസ്താവന. ജമ്മുവില്‍ ഏകദേശം 1,960 കോടി രൂപയുടെ വികസന പദ്ധതികളും അമിത് ഷാ പ്രഖ്യാപിച്ചു.
”ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം, ജമ്മു കശ്മീരിലെ ആളുകള്‍ക്ക് വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചു. ജനങ്ങള്‍ മാറ്റത്തെ സ്വാഗതം ചെയ്യുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്.
നേരത്തെ കല്ലുകള്‍ കയ്യില്‍ പിടിച്ചിരുന്ന യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കമ്പ്യൂട്ടറുകളും തൊഴിലും നല്‍കി.
നേരത്തെ പ്രദേശത്ത് കല്ലേറുകളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത്തരം സംഭവങ്ങളൊന്നുമില്ല. ഇപ്പോള്‍ വന്നിരിക്കുന്ന ഈ മാറ്റം നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.