ന്യൂദല്‍ഹി: ജന്മദിനാഘോഷങ്ങള്‍ക്കിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ റിങ്കു ശര്‍മ്മ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാണെന്ന് ആം ആ ദ്മി പാര്‍ട്ടി. ദല്‍ഹി കൊലപാതകങ്ങളുടെ നാടായി മാറിയെന്നും ആം ആദ്മി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
‘ദല്‍ഹിയില്‍ കൊലപാതകം പുതുമയില്ലാത്തതായി മാറിയിരിക്കുന്നു. ആഭ്യന്തരമന്ത്രിയാണ് ഇതിനെല്ലാം ഉത്തരവാദി. ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ ഹിന്ദുക്കള്‍ക്കും രക്ഷയില്ല’, സൗരഭ് പറഞ്ഞു.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം റിങ്കു ശര്‍മ്മ കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കഴിഞ്ഞ ദിവസമാണ് ജന്മദിനാഘോഷത്തിനിടെ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ റിങ്കു ശര്‍മ്മയെ നാല് പേര്‍ വീട്ടില്‍ കയറി കുത്തിക്കൊന്നത്.
നാല് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ജയ് ശ്രീറാം വിളിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍, ബിസിനസ് പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍.
കൊലപാതകം വലിയ രാഷ്ട്രീയ വിവാദമായതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെയിരിക്കാന്‍ പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ തുടരുകയാണ്.
ദല്‍ഹിയിലെ മംഗോളപുരി മേഖലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. റിങ്കു ശര്‍മയും പ്രതികളും സുഹൃത്തുക്കളായിരുന്നെന്നും, ഇവര്‍ ദല്‍ഹിയിലെ രോഹിണിയില്‍ തുടങ്ങിയ രണ്ട് ഹോട്ടലുകളെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് പാര്‍ട്ടിക്കിടെ സംഘര്‍ഷമുണ്ടായതെന്നും, ഇതിനിടെയാണ് റിങ്കു ശര്‍മ കുത്തേറ്റ് മരിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.