'ബി.ജെ.പിയെ വഞ്ചിച്ചത് അജിത് പവാറോ ശരദ് പവാറോ അല്ല'; മഹാരാഷ്ട്രയില്‍ കണക്കുകൂട്ടലുകള്‍ പിഴച്ചതിനെക്കുറിച്ച് അമിത് ഷാ
national news
'ബി.ജെ.പിയെ വഞ്ചിച്ചത് അജിത് പവാറോ ശരദ് പവാറോ അല്ല'; മഹാരാഷ്ട്രയില്‍ കണക്കുകൂട്ടലുകള്‍ പിഴച്ചതിനെക്കുറിച്ച് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th November 2019, 11:21 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ്, എന്‍.സി.പി പിന്തുണയോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശിവസേനയുടെ തീരുമാനത്തെ അപലപിച്ച് ബി.ജെ.പി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. മൂന്ന് പാര്‍ട്ടികള്‍ക്കും അധികാര മോഹം മാത്രമേയുള്ളെന്നും ഒരു പൊതു പ്രത്യയശാസ്ത്രമല്ലെന്നും ഷാ പറഞ്ഞു.

ന്യൂസ് 18 ന്റെ ‘അജണ്ട ജാര്‍ഖണ്ഡ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നിട്ടും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങളും ഷാ നിരത്തി. ബി.ജെ.പിക്ക് പ്രതീക്ഷിച്ച ഫലമുണ്ടാക്കാത്ത അജിത് പവാറിനെ ചേര്‍ത്തുനിര്‍ത്താനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെ അദ്ദേഹം പ്രതിരോധിക്കുകയും ചെയ്തു.

അജിത് പവാറിന്റെ പിന്തുണ തേടിയത് ഒരു തെറ്റായ കണക്കുകൂട്ടലോ തെറ്റോ ആയാണോ കണക്കാക്കുന്നതെന്ന ചോദ്യത്തിന്, അതിനെ അങ്ങനെയും തരംതിരിക്കാമെന്നായിരുന്നു ഷായുടെ മറുപടി. എന്നാല്‍ ബി.ജെ.പിയെ വഞ്ചിച്ചത് അജിത് പവാറോ ശരദ് പവാറോ അല്ല, മറിച്ച് ശിവസേനയാണെന്നും അദ്ദേഹം പറഞ്ഞു. ”എന്‍.സി.പി എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കെതിരെ പോരാടി, പക്ഷേ സേന ഞങ്ങളെ ഒറ്റിക്കൊടുത്തു,” അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. മുംബൈ ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി സത്യവാചകം ചൊല്ലിക്കൊടുത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ