Daily News
'ഇത് അമിത് ഷായും കെജ്‌രിവാളും തമ്മിലുള്ള പോരാട്ടമല്ല'; അമിത് ഷായ്ക്ക് കത്തെഴുതി മനീഷ് സിസോദിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 24, 07:57 am
Wednesday, 24th June 2020, 1:27 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ കൊവിഡ് പോരാട്ടത്തിനിടെ രാഷ്ട്രീയ പോര്. കേന്ദ്രസര്‍ക്കാരും ദല്‍ഹി സര്‍ക്കാരും തമ്മിലാണ് കൊവിഡില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തത്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.

എല്ലാ കൊവിഡ് രോഗികളും കൊവിഡ് പരിശോധനയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളെ തന്നെ സമീപിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ദല്‍ഹി സര്‍ക്കാരിന്റെ നിലവിലെ നടപടികളെ താളംതെറ്റിക്കുന്നതാണെന്ന് കത്തില്‍ സിസോദിയ പറഞ്ഞു.

‘ഇത് അമിത് ഷാ മോഡലും കെജ്രിവാള്‍ മോഡലും തമ്മിലുള്ള പോരാട്ടമല്ല. ആളുകള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വരാത്ത ഒരു സംവിധാനം നടപ്പാക്കണം. അത്രയേ ഉള്ളൂ,’ എന്നായിരുന്നു അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ദല്‍ഹിയില്‍ പുതിയ കൊവിഡ് ആശുപത്രി സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു. 1000 കിടക്കകളും 250 ഐ.സി.യു ബെഡ്ഡുകളും ഉള്ള ആശുപത്രിയുടെ പ്രവര്‍ത്തനം പത്ത് ദിവസത്തിനകം തുടങ്ങുമെന്നായിരുന്നു അമിത് ഷായുടെ വാഗ്ദാനം. ആശുപത്രിയുടെ നടത്തിപ്പ് ചുമതല കരസേനയ്ക്കായിരിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

അതേസമയം ദല്‍ഹിയില്‍ ആശുപത്രി കിടക്കകള്‍ക്ക് ക്ഷാമമുണ്ടെന്ന റിപ്പോര്‍ട്ട് കെജ്‌രിവാള്‍ തള്ളി. നിലവില്‍ ഏഴായിരം കിടക്കകള്‍ ഒഴിവുണ്ടെന്നും ആറായിരം രോഗികള്‍ മാത്രമാണ് ആശുപത്രിയില്‍ ഉള്ളതെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.