ന്യൂദല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന എന്‍.സി.പി നേതാവ് നവാബ് മാലിക്.
ജാലിയന്‍വാല ബാഗിലെ നിരായുധരായ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കാന്‍ സൈനികരോട് ഉത്തരവിട്ട ബ്രിട്ടീഷ് ജനറല്‍ റെജിനാള്‍ഡ് ഡയറിനെപ്പോലെ ആണ് അമിത് ഷാ എന്നാണ് നവാബ് മാലിക് പറഞ്ഞത്.
” ജാലിയന്‍ വാല ബാഗിലെ ജനങ്ങള്‍ക്ക് നേരെ ജനറല്‍ ഡയര്‍ വെടിയുതിര്‍ത്ത അതേ രീതിയിലാണ് അമിത് ഷാ രാജ്യത്തെ പൗരന്മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത്. അമിത് ഷായും ഡയറും തമ്മില്‍ വ്യത്യാസമില്ല. ”നവാബ് മാലിക് എ.എന്‍.ഐ യോട് പറഞ്ഞു.
” എവിടെയെങ്കിലും ഒരു പ്രതിഷേധം ഉണ്ടായാല്‍,അത് ന്യൂദല്‍ഹി ആകട്ടെ, ആസാം ആകട്ടെ തോക്കുകളാണ് വലിക്കുന്നത്. ഇത് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് വ്യത്യസ്തമല്ല. ഡയറിനേക്കാള്‍ മോശം നേതാവായി മാറുകയാണ് അമിത് ഷാ” അദ്ദേഹം പറഞ്ഞു.
പുതിയ പൗരത്വ നിയമം ഭരണഘടനാ വിരുദ്ധമാണെന്നതില്‍ സംശമില്ലെന്നും നവാബ് മാലിക് പറഞ്ഞു.
‘ഞങ്ങളുടെ പാര്‍ട്ടി അംഗങ്ങള്‍ തെരുവുകളില്‍ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നു, പാര്‍ലമെന്റില്‍ ഞങ്ങളുടെ നേതാക്കള്‍ ബില്ലിനെ എതിര്‍ത്തിരുന്നു” അദ്ദേഹം പറഞ്ഞു.
ഇന്നലത്തെ പ്രതിനിധി സംഘത്തില്‍ എന്‍.സി.പി നേതാക്കളില്ലാതിരുന്നത് തങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ നാഗ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനാലാണെന്നും എന്‍.സി.പി പുതിയ പൗരത്വ നിയമത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് പൗരത്വ ഭേഗഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നടന്നു ആയിരക്കണക്കിനാളുകളാണ് ഇന്ന് ഹൗറാ മൈതാനത്തു നിന്നാരംഭിച്ച റാലിയില്‍ അണിചേര്‍ന്നത്.
രാജ്യത്തു തീയിടുക എന്നുള്ളതല്ല, തീ അണയ്ക്കുക എന്നുള്ളതാണ് താങ്കളുടെ ജോലിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് മമത പറഞ്ഞു. റാലിയില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.