രാഹുല്‍ തുടരാന്‍ ഒരു ശതമാനം പോലും സാധ്യതയില്ല; വീരപ്പമൊയിലി
national news
രാഹുല്‍ തുടരാന്‍ ഒരു ശതമാനം പോലും സാധ്യതയില്ല; വീരപ്പമൊയിലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2019, 8:07 pm

ഹൈദരാബാദ്:രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം തുടരാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് എം.വീരപ്പമൊയിലി. അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചേരുമെന്നും നേതാവ് പറഞ്ഞു.

എന്താണ് സംഭവിക്കുകയെന്ന് പറയാന്‍ കഴിയില്ലെന്നും എന്നാല്‍ രാഹുല്‍ ഗാന്ധി തന്റെ തീരുമാനം മാറ്റുമെന്ന് ഒരു ശതമാനം പോലും താന്‍ കരുതുന്നില്ലെന്നും വീരപ്പ മൊയ്ലി പറഞ്ഞു.

‘മറ്റൊരു പേര് ആലോചിക്കുന്നതിന് മുന്‍പ് പ്രവര്‍ത്തക സമിതി വീണ്ടും ഒരു യോഗം ചേരും. ‘അദ്ദേഹത്തിന്റെ രാജി പ്രവര്‍ത്തക സമിതി അംഗീകരിച്ചില്ലെങ്കില്‍, ഊഹാപോഹങ്ങള്‍ ഉണ്ടാവും, അദ്ദേഹം തന്റെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കും,’ വീരപ്പമൊയ്ലി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കടുത്ത പരാജയം നേരിട്ടതിന് പിന്നാലെ രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം ഉയര്‍ത്തിയിരുന്നു.എന്നാല്‍ മേയ് 25 ന് ചേര്‍ന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കുകയായിരുന്നു. നേതാക്കള്‍ പലരും അധ്യക്ഷ സ്ഥാനം തുടരാന്‍ രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും രാഹുല്‍ തിരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

പാര്‍ട്ടിയുടെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിന് ഒരു വലിയ ശസ്ത്രക്രിയ ആവശ്യമാണെന്ന എം. വീരപ്പമൊയിലി പറഞ്ഞിരുന്നു.രാഹുല്‍ഗാന്ധി തന്റെ ഉരുക്ക് മുഷ്ടിയാല്‍ എല്ലാ തലത്തിലും തെരഞ്ഞെടുപ്പ് നടത്തികൊണ്ട് പാര്‍ട്ടിക്കകത്ത് ഒരു സമ്പൂര്‍ണ്ണ പരിശോധന നടത്തണമെന്നും ആഭ്യന്തരകലാപം ശമിപ്പിക്കണമെന്നും വീരപ്പമൊയിലി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എ.ഐ.സി.സിയുടെ ചുമതലയുള്ളവരും സംസ്ഥാന നേതൃത്വവും പാര്‍ട്ടിയെ മോശം സ്ഥിതിയിലെത്തിച്ചെന്നും രാഹുലിന് ഒറ്റക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.