കോഴിക്കോട്: പൊലീസില്‍ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് സാമുഹ്യ പ്രവര്‍ത്തകയും മറുവാക്ക് എഡിറ്ററുമായ അംബിക. ജനമൈത്രി പൊലീസെന്ന പേരിലാണ് ജാതിയും മതവുമടക്കമുള്ള വിവരങ്ങള്‍ പൊലീസ് പൊതുസ്ഥലത്തുവെച്ച് ചോദിച്ചറിഞ്ഞതെന്ന് അംബിക പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജാതി, മതം, വിദ്യാഭ്യാസം, തൊഴില്‍ അങ്ങനെ നിരവധി വിവരങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞുവെന്നു അംബിക കുറിപ്പില്‍ പറഞ്ഞു.
‘സംഘി മൈത്രി പൊലീസ് എന്ന് കേട്ടിട്ടുണ്ടോ? ഞാനിന്നലെ കണ്ടു. ഇന്നലെ ഇടേണ്ടിയിരുന്ന പോസ്റ്റാണ്. തിരക്കുകാരണം കഴിഞ്ഞില്ല. ഇന്നലെ ബേപ്പൂര്‍ സ്റ്റേഷനിലെ രണ്ട് ജനമൈത്രി പൊലീസുകാര്‍ യൂനിഫോമില്‍ വീട്ടില്‍ വന്നിരുന്നു. 87 വയസായ അമ്മയും ഞാനുമുണ്ടായിരുന്നു. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജാതി, മതം, വിദ്യാഭ്യാസം, തൊഴില്‍ അങ്ങനെ നിരവധി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ജാതി പറഞ്ഞപ്പോള്‍ ജാതിയോ മതമോ ദൈവമോ അമ്പലമോ, പള്ളിയോ ഒന്നിലും വിശ്വസിക്കുകയാ ആചരിക്കുകയോ ചെയ്യുന്നില്ലെന്നും പറഞ്ഞു. അപ്പോള്‍ ഭക്ഷണം വെജിറ്റേറിന്‍ ആണല്ലേ എന്നായി അടുത്ത ചോദ്യം. അല്ല, ഞാന്‍ ബീഫടക്കം എല്ലാം കഴിച്ചിരുന്നു എന്ന് പറഞ്ഞു.
ഉടന്‍ വന്നു വെജിറ്റേറിയനാണ് നല്ലത് എന്ന്. ഞാനങ്ങനെ കരുതുന്നില്ലന്നും എല്ലാം സ്വന്തം താല്‍പര്യമാണെന്നും പറഞ്ഞു. പിന്നെ വസ്ത്രം, സംസ്‌കാരം ഒക്കെ ഉപദേശരൂപത്തില്‍ വന്നു. നമ്മുടെ കാലാസ്ഥയ്ക്കും സംസ്‌കാരത്തിനും പറ്റിയതല്ല ജീന്‍സ് പോലുള്ളവ, അത് സ്‌കിന്‍ ഡിസീസ് ഉണ്ടാക്കും, മറ്റ് പ്രശ്‌നങ്ങളും. എന്നവര്‍ പറഞ്ഞപ്പോഴും സൗകര്യവും താല്‍പര്യവുമാണ് പ്രധാനം എന്നു ഞാന്‍ പറഞ്ഞു,’ അംബിക ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.