ന്യൂദല്‍ഹി: ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച പ്രമുഖ സ്ഥാപനങ്ങള്‍. നിയമത്തിലെ തങ്ങളുടെ ആശങ്കകള്‍ അറിയിക്കുന്നതിനായി ആമസോണും ടാറ്റയുമടക്കമുള്ള കമ്പനികളുടെ പ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ നിയമങ്ങള്‍ ഇ-കൊമേഴ്‌സ് രംഗത്തുള്ള തങ്ങളുടെ ബിസിനസ് മോഡലിനെ തകര്‍ക്കുമെന്നാണ് കമ്പനികള്‍ പറയുന്നത്. നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സമയം നീട്ടിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ ആറായിരുന്നു ഇതിനുള്ള അവസാന തിയതിയായി പ്രഖ്യാപിച്ചിരുന്നത്.
ഫ്‌ളാഷ് സെയിലിന് മേലുള്ള നിയന്ത്രണം, പങ്കാളികളാകുന്ന കമ്പനികള്‍ക്കുള്ള ചട്ടങ്ങള്‍ എന്നിവയാണ് പ്രധാന പ്രശ്‌നങ്ങളായി ഇ-കൊമേഴ്‌സ് കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളായ ഫ്‌ളിപ്കാര്‍ട്ടും ആമസോണുമെല്ലാം ഈ ആശങ്ക ഉന്നയിക്കുന്നുണ്ട്.
ജൂണ്‍ 21നാണ് സര്‍ക്കാര്‍ പുതിയ ഇ-കൊമേഴ്‌സ് നിയമങ്ങള്‍ നടപ്പില്‍ വരുത്തിയത്. ഉപയോക്താക്കള്‍ക്കും ചെറുകിട കമ്പനികള്‍ക്കും സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നിയമങ്ങളെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
ഫ്‌ളാഷ് സെയിലിനുള്ള നിയന്ത്രണവും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കുള്ള നിരോധനവും പുതിയ പരാതി പരിഹാര സംവിധാനവും ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട് പോലെയുള്ള സ്ഥാപനങ്ങളെ തങ്ങളുടെ ബിസിനസ് മോഡലില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാക്കും.
കൊവിഡ് 19 ചെറുകിട ബിസിനസ് സംരഭങ്ങളെ മോശമായി ബാധിച്ചിരിക്കുന്ന ഘട്ടത്തില്‍ നിയമത്തിലെ ചില ചട്ടങ്ങള്‍ ഈ മേഖലയ്ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പുതിയ നിയമത്തിലെ പല നിബന്ധനകളും നേരത്തെ തന്നെ നിലവിലുള്ളതാണെന്നും ആമസോണിലെ ഒരു പ്രതിനിധി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ അവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ സെല്ലേഴ്‌സ് ലിസ്റ്റില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പുതിയ നിയമത്തില്‍ പറയുന്നുണ്ട്. സ്റ്റാര്‍ബക്ക്‌സുമായി ചേര്‍ന്ന് ബിസിനസ് നടത്തുന്ന ടാറ്റയ്ക്ക് ഇത് സ്റ്റാര്‍ബക്ക്‌സ് ഉല്‍പന്നങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ വില്‍ക്കാനാകില്ലെന്ന സ്ഥിതിയുണ്ടാക്കുമെന്ന് ടാറ്റ പ്രതിനിധികള്‍ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.