ആമസോണ്‍ പ്രൈം നിര്‍മ്മാണത്തിലേക്ക്; ആദ്യം എത്തുന്നത് രാമായണം ആസ്പദമാക്കിയ അക്ഷയ് കുമാറിന്റെ രാം സേതുവില്‍
Entertainment
ആമസോണ്‍ പ്രൈം നിര്‍മ്മാണത്തിലേക്ക്; ആദ്യം എത്തുന്നത് രാമായണം ആസ്പദമാക്കിയ അക്ഷയ് കുമാറിന്റെ രാം സേതുവില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th March 2021, 4:41 pm

പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോ സിനിമാ നിര്‍മ്മാണരംഗത്തേക്ക് ചുവടുവെക്കുകയാണ്. അക്ഷയ് കുമാര്‍ നായകനാകുന്ന രാം സേതു എന്ന ചിത്രത്തില്‍ സഹനിര്‍മ്മാതാക്കളായാണ് ആമസോണ്‍ പ്രൈം പുതിയ മേഖലയിലേക്കെത്തുന്നത്.

അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസും അബണ്‍ന്റാന്റിയ എന്റര്‍ടെയ്ന്‍മെന്റും ലൈക പ്രൊഡക്ഷന്‍സുമാണ് ചിത്രത്തിന്റെ മറ്റു നിര്‍മ്മാതാക്കള്‍. അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന രാം സേതുവില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത് ബറൂച്ച എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാമായണത്തിലെ രാം സേതു കഥയെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. പുരാവസ്തു ഗവേഷകനായിട്ടാണ് ചിത്രത്തില്‍ അക്ഷയ് കുമാറെത്തുന്നത്. കഴിഞ്ഞ വര്‍ഷം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ശ്രീരാമന്റെ പശ്ചാത്തലത്തില്‍ കഴുത്തില്‍ കാവി ഷാള്‍ ചുറ്റി നടന്നുവരുന്ന അക്ഷയ് കുമാറായിരുന്നു ചിത്രത്തില്‍.

‘രാം സേതുവിന്റെ കഥ എന്നെ എപ്പോഴും ചിന്തിപ്പിച്ചിരുന്നു. ശക്തിയും ധൈര്യവും സ്‌നേഹവും നമ്മുടെ മഹത്തായ രാജ്യത്തിന്റെ സാമൂഹ്യവ്യവസ്ഥയുടെ അടിസ്ഥാനമായ ഭാരതീയ മൂല്യങ്ങളും ബോധ്യങ്ങളും ഉള്‍ക്കൊണ്ട കഥയാണത്.

ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളിലെ തലമുറകളെ ബന്ധിപ്പിക്കുന്ന പാലമാണ് രാം സേതു. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ സുപ്രധാന ഭാഗമായ ഈ കഥ അവതരിപ്പിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ആമസോണ്‍ പ്രൈമിലൂടെ രാജ്യാര്‍ത്തികള്‍ ഭേദിച്ച് രാം സേതു ലോകം മുഴുവന്‍ എത്തുമെന്നതില്‍ ഏറെ സന്തോഷമുണ്ട്,’ അക്ഷയ് കുമാര്‍ പറഞ്ഞു.

തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും രാം സേതു ആമസോണ്‍ പ്രൈമിലെത്തുക. അയോധ്യയാണ് ചിത്രത്തിന്റെ ഒരു ഷൂട്ടിംഗ് ലൊക്കേഷനെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടന്റെ സംഘപരിവാര്‍ അനുകൂലനിലപാടുകളുടെ പശ്ചാത്തലത്തില്‍ രാം സേതു മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ ജാഗ്രതയോടെ വേണം കാണാനെന്ന് പോസ്റ്റര്‍ റിലീസിന് പിന്നാലെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പുരാവസ്തുഗവേഷണം കൂടി പ്രമേയമായി വരുന്ന ചിത്രം ഇതിഹാസകഥയായ രാമായണത്തിന് യാഥാര്‍ത്ഥ ചരിത്രസംഭവത്തിന്റെ മുഖം നല്‍കാനുള്ള ശ്രമമായിരിക്കാമെന്നും ചിലര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Amazon Prime Video to venture into Production with co producing Akshay Kumar’s Ram Sethu