ഭീകരാക്രമണ സാധ്യത: അമര്‍നാഥ് യാത്ര വെട്ടിക്കുറച്ച് തീര്‍ഥാടകര്‍ കശ്മീര്‍ വിടണമെന്ന് നിര്‍ദേശം
national news
ഭീകരാക്രമണ സാധ്യത: അമര്‍നാഥ് യാത്ര വെട്ടിക്കുറച്ച് തീര്‍ഥാടകര്‍ കശ്മീര്‍ വിടണമെന്ന് നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2019, 12:51 pm

ശ്രീനഗര്‍: അമര്‍നാഥ് യാത്ര വെട്ടിക്കുറച് തീര്‍ഥാടകര്‍ എത്രയും വേഗം കശ്മീര്‍ വിടണമെന്ന് സര്‍ക്കാര്‍. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം. അമര്‍നാഥ് യാത്രക്കാര്‍ക്ക് നേരെ പാക്കിസ്ഥാന്‍ സൈന്യം ആക്രണം ലക്ഷ്യമിടുന്നുണ്ടെന്നാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്.

എന്നാല്‍ സംസ്ഥാനത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അമര്‍നാഥ് തീര്‍ഥാടകര്‍ക്കും മറ്റ് വിനോദസഞ്ചാരികള്‍ക്കും അവരുടെ സന്ദര്‍ശനം ഉടനടി വെട്ടിക്കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം ജനങ്ങള്‍ക്കിടയില്‍ ആശങ്കയും സംശയവും ഉണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ നിര്‍ദേശത്തെ മറ്റു കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നതെന്നും രാഷ്ട്രീയനേതാക്കള്‍ അവരുടെ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്നും ഗവര്‍ണര്‍ സത്യപാല്‍ നായിക് വ്യക്തമാക്കി. ആര്‍ട്ടികിള്‍ 35എ റദ്ദാക്കില്ലെന്നും അദ്ദേഹം മറുപടി നല്‍കി.

ഡൂൾന്യൂസ് ടെലഗ്രാം ചാനലിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ

അമര്‍നാഥ് തീര്‍ഥാടകരെ പ്രത്യേക ലക്ഷ്യം വച്ച് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ സുരക്ഷയും ഭദ്രതയും ഉറപ്പു വരുത്താനായി തീര്‍ഥാടകരോട് അവരുടെ യാത്ര വെട്ടിച്ചുരുക്കണമെന്ന് നിര്‍ദേശിക്കുകയാണ്. എത്രയും വേഗം കശ്മീര്‍ വിടാനുള്ള നടപടിക്രമങ്ങളും സ്വീകരിക്കണം’.എന്നാണ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.

അമര്‍നാഥ് പാതയില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ മുന്‍നിര്‍ത്തി തീര്‍ഥാടനം അവസാനിപ്പിക്കാനുള്ള നിര്‍ദേശം എത്തിയിരിക്കുന്നത്.