ഓക്‌സിജന്‍ കിട്ടാനില്ല, എത്രയും പെട്ടെന്ന് മെഡിക്കല്‍ ഓക്‌സിജന്‍ എത്തിക്കണം; കേന്ദ്രത്തോട് അപേക്ഷിക്കുകയാണെന്ന് അമരീന്ദര്‍ സിംഗ്
national news
ഓക്‌സിജന്‍ കിട്ടാനില്ല, എത്രയും പെട്ടെന്ന് മെഡിക്കല്‍ ഓക്‌സിജന്‍ എത്തിക്കണം; കേന്ദ്രത്തോട് അപേക്ഷിക്കുകയാണെന്ന് അമരീന്ദര്‍ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th April 2021, 11:03 pm

 

അമൃത്സര്‍: സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്നും പ്രതിദിന മെഡിക്കല്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ട്വിറ്ററിലൂടെയായിരുന്നു അമരീന്ദര്‍ സിംഗിന്റെ പ്രതികരണം.

‘കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമാകുന്നു. ഓക്‌സിജന്‍ ക്ഷാമം സംസ്ഥാനത്ത് ഗുരുതരമാണ്. പഞ്ചാബിനായുള്ള മെഡിക്കല്‍ ഓക്‌സിജന്‍ ക്വാട്ട എത്രയും പെട്ടെന്ന് നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനോടും അപേക്ഷിക്കുകയാണ്,’ സിംഗ് ട്വിറ്ററിലെഴുതി.

പഞ്ചാബില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇന്ന് 6980 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 76 പേരാണ് ഇന്ന് രോഗം ബാധിച്ച് മരിച്ചത്.

നിലവില്‍ അമ്പതിനായിരത്തിലധികം രോഗികള്‍ പഞ്ചാബില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ലുധിയാനയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് ആറു മണിമുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് കര്‍ഫ്യൂ.

വെള്ളിയാഴ്ച വൈകിട്ട് ആറ് മണിമുതല്‍ തിങ്കളാഴ്ച രാവിലെ 5 മണിവരെയാണ് വാരാന്ത്യ കര്‍ഫ്യൂ. നിയന്ത്രണങ്ങളോട് ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും അത്യാവശ്യമെങ്കില്‍ മാത്രമെ പുറത്തു പോകാന്‍ പാടുള്ളുവെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Amarinder Singh Urges Centre To Allow Oxygens