ചണ്ഡീഗഡ്: പുൽവാമ ഭീകരാക്രമണത്തെ സംബന്ധിച്ച് പ്രസ്താവന നടത്തി വിവാദത്തിലായ പഞ്ചാബ് മന്ത്രി നവ്‌ജോത് സിങ് സിദ്ദുവിനെ സംരക്ഷിച്ച് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സിദ്ദുവിന്റെ അഭിപ്രായം വിശദീകരിക്കേണ്ടത് അദ്ദേഹമാണെന്നും അമരീന്ദർ സിങ് നിലപാടെടുത്തു.
“സിദ്ദു ഒരു ക്രിക്കറ്റ് കളിക്കാരനാണ്. ഞാൻ പട്ടാളക്കാരനും. രണ്ടുപേർക്കും വ്യത്യസ്ത കാഴ്ചപ്പാടുകളായിരിക്കും. സിദ്ദുവിന് പ്രതിരോധത്തിന്റെ സങ്കീർണതകളൊന്നും അറിയില്ല. സൗഹൃദത്തിന്റെ പുറത്താണ് അദ്ദേഹം പ്രതികരിക്കുന്നത്. ദേശദ്രോഹിയായിട്ടല്ല അത്തരം പ്രതികരണങ്ങൾ നടത്തിയത്.” അമരീന്ദർ സിംഗ് പറഞ്ഞു. സിദ്ദുവിന് കാര്യം മനസിലായിട്ടുണ്ടെന്നും അമരീന്ദർ സിങ് പറഞ്ഞു. പാകിസ്താൻ സന്ദർശനം മൂലം വെള്ളത്തിൽ വീണ അവസ്ഥയിലാണ് എന്ന് സിദ്ദുവിന് മനസിലായിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
Also Read സെക്രട്ടേറിയറ്റിന് മുന്നില്‍ എം.പാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം
തീവ്രവാദികളുടെ പ്രവർത്തികൾക്ക് ഒരു രാജ്യത്തെ ഒന്നടങ്കം കുറ്റപ്പെടുത്തരുതെന്ന സിദ്ദുവിന്റെ പരാമർശമാണ് അദ്ദേഹത്തെ വിവാദത്തിലേക്ക് തള്ളി വിട്ടത്. ഈ പരാമർശം പാകിസ്താനെയും പ്രധാനമന്ത്രി ഇംറാൻ ഖാനെയും പിന്തുണക്കുന്നതാണെന്നും പാകിസ്താനെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തിന് ഈ അഭിപ്രായം വിലങ്ങുതടിയാണെന്നും ആരോപിച്ച് സിദ്ദുവിനെതിരെ പ്രതിഷേധം കടുത്തിരുന്നു. ഈ സമയത്താണ് വിശദീകരണവുമായി പഞ്ചാബ് മുഖ്യമന്ത്രി നേരിട്ട് എത്തിയത്.