കോഴിക്കോട്: ഒരു കാലത്ത് ഫോട്ടോഷോപ്പുകളിലൂടെ മാത്രം വ്യാജ വാര്‍ത്തകള്‍ പടച്ചു വിട്ടിരുന്ന സംഘപരിവാര ശക്തികള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച കാലഘട്ടം കൂടിയാണിത്. നിരന്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് സമൂഹത്തില്‍ പ്രത്യേക ബോധം വളര്‍ത്തിയെടുക്കാന്‍ ഇത്തരം കേന്ദ്രങ്ങള്‍ ശ്രമിക്കുകയും ചെയ്യുകയാണ്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലും വിവിധ മേഘലകളിലും ഇത്തരം വാര്‍ത്തകള്‍ പടച്ച് വിട്ട സംഘപരിവാറിന്റെ കേരള നേതൃത്വം സൃഷ്ടിച്ച വ്യാജ വാര്‍ത്തകള്‍ അടുത്തിടെ നാം കണ്ടതുമാണ്. കണ്ണൂര്‍ രാമന്തളിയില്‍ ആആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സി.പി.ഐ.എമ്മിന്റേതെന്ന പേരില്‍ വ്യാജ വീഡിയോ പുറത്ത് വിട്ടത് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനായിരുന്നു.
കൊലപാതകത്തെ തുടര്‍ന്ന് നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ പരിയാരം മെഡിക്കല്‍ കോളേജിനു മുന്നില്‍ നിന്നും ആര്‍.എസ്.എസുകാര്‍ ആംബുലന്‍സ് ആക്രമിക്കുകയും ആശുപത്രിയുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തപ്പോള്‍ സി.പി.ഐ.എം ഭീകരത എന്ന പേരില്‍ ട്വിറ്ററില്‍ പോസ്റ്റിന് റീ ട്വീറ്റു ചെയ്തത് രാജ്യസഭാംഗവും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ എം.പിയായിരുന്നു.
പിന്നീട് മലപ്പുറത്ത് ക്ഷേത്രം തകര്‍ത്ത് അത് മുസ്‌ലിം ജനതയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചതും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിടിയിലായതും കേരളം കണ്ടതാണ്. പിന്നീട് മലപ്പുറത്ത് അമുസ്‌ലീങ്ങള്‍ക്ക് സ്വന്തമായി ഭൂമി വാങ്ങാന്‍ കഴിയുന്നില്ലെന്ന വാദവുമായി സംഘപരിവാരം എത്തിയപ്പോള്‍ നുണപ്രചരണത്തെ പൊളിച്ചടുക്കിയത് മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവായിരുന്നു.
കേരളത്തില്‍ അടുത്തകാലത്താണ് ഇത്തരം പ്രചരണങ്ങളുമായി സംഘപരിവാരം എത്താന്‍ തുടങ്ങിയതെങ്കില്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് സംഘപരിവാര ശക്തികള്‍ ഇത് പണ്ട് മുതലേ തുടര്‍ന്നു വരുന്ന പ്രവര്‍ത്തന രീതിയാണ്. ഇത്തരത്തിലുള്ള സംഘപരിവാര വ്യാജ വാര്‍ത്തകളില്‍ പലതിനെയും തുറന്ന് കാട്ടാന്‍ ദേശീയ മാധ്യമമായ “ആള്‍ട്ട് ന്യൂസിന്” കഴിഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ #ISupportRohitSardana എന്ന ഹാഷ് ടാഗ് ക്യംപെയ്‌നായിരുന്നു പ്രത്യക്ഷപ്പെട്ടത്. സപ്പോര്‍ട്ടേഴ്‌സിന്റെ എണ്ണം വര്‍ധിച്ചപ്പോഴാണ് ഈ സപ്പോര്‍ട്ടിന്റെ യഥാര്‍ത്ഥ വശം പുറത്തു വരുന്നത്. സംഘപരിവാര കേന്ദ്രങ്ങളില്‍ നിന്ന് പടച്ച് വിട്ട ഒരു വാര്‍ത്തയുടെ പേരിലായിരുന്നു സോഷ്യല്‍ മീഡിയയിലെ ഈ ജന പിന്തുണ. രോഹിത്തിനെതിരെ 150 ഓളം ഫത്‌വകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.
തന്റെ പരിപാടിയില്‍ മൗലാനയോട് അള്ളാഹുവിന്റെ ജനനത്തിന്റെ തെളിവ് ചോദിച്ചതിനെതിരെ ഫത്‌വകള്‍ എന്നായിരുന്നു വാര്‍ത്തകള്‍. ഒടുവില്‍ രോഹിത് തന്നെ ഇത്തരം ഫത്‌വകളൊന്നും ഇല്ലെന്നും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.
വ്യാജ വാര്‍ത്തകള്‍ പല മാധ്യമങ്ങളിലും വാര്‍ത്തയും ആയിരുന്നു. ദൈനിക് ഭാരത് എന്ന മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് 25,514 ഷെയറുകളായിരുന്നു ഫേസ്ബുക്കില്‍ ലഭിച്ചത്. “ഹിന്ദുത്വ ഇന്‍ഫോ”യുടെ വാര്‍ത്തയ്ക്ക് 17,019 ഷെയറുകളും ലഭിച്ചു. ഇതിന്റെ ഉറവിടം പരിശോധിച്ചപ്പോള്‍ കഴിഞ്ഞ മാര്‍ച്ച് 26നു 11: 17 നായിരുന്നു ദൈനിക് ഭാരതിന്റെ സൈറ്റില്‍ ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അന്നു രാവിലെ തന്നെ 9: 18 നായിരുന്നു ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ആദ്യമായി ഷെയര്‍ ചെയ്യപ്പെട്ടത്.
http://www.dainikbharat.org/2017/03/150.html
http://www.newspur.in/2017/03/Fatwa.html
ആദ്യം ഷെയര്‍ ചെയ്ത വാര്‍ത്ത “ന്യൂസ്പര്‍” എന്ന സൈറ്റില്‍ നിന്നായിരുന്നു. ഇതിന്റെ ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സുഭാഷ് ചൗധരി എന്ന വ്യക്തിയുടെ പേരിലാണ്. ഇയാളുടെ പേരില്‍ വേറെയും രണ്ട് സൈറ്റുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആള്‍ട്ട് ന്യൂസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. sanatansanskriti.org and dainikhindu.org എന്നിവയാണ് ആ സൈറ്റുകള്‍.
You must read this ഗുജറാത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു
എന്തിനാണ് സുഭാഷ് ചൗധരി ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതെന്ന അന്വേഷണത്തിലാണ് ആള്‍ട്ട് ന്യൂസ് പിന്നീട് എത്തിച്ചേര്‍ന്നത്. ഇതിന്റെ പിന്നില്‍ പണം ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമല്ലെന്ന് വാര്‍ത്തകളുടെ സ്വഭാവത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. സുഭാഷ് ചൗധരിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ തന്നെ ഇതിനുള്ള ഉത്തരവും ലഭ്യമായി.
അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ആര്‍.എസ്.എസിന്റെയും ബജ്‌റംഗ്ദളിന്റെയും വി.എച്ച്.പിയുടെയും സജീവ പ്രവര്‍ത്തകനാണ് ഇദ്ദേഹമെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന്‍ സ്വന്തം നിലയില്‍ രണ്ട് സൈറ്റുകള്‍ ആരംഭിക്കുകയും വ്യാജ വാര്‍ത്തകള്‍ പടച്ചു വിട്ട് വലിയൊരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ തെളിവുകള്‍ പുറത്തു കൊണ്ടുവരുന്നതുമാണ് ആള്‍ട്ട് ന്യൂസിന്റെ ഈ പ്രവര്‍ത്തനം.
വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയായി കണക്കാക്കുകയും അതിലൂടെ ഒരു വിഭാത്തെ തങ്ങളിലേക്കടുപ്പിക്കുകയുമാണ് സംഘപരിവാരം ചെയ്യുന്നതെന്നതിന്റെ ലളിതമായ ഉദാഹരണമാണിത്.