അച്യുതാനന്ദന്‍ പറയുന്നതൊന്ന്, സബ്‌ടൈറ്റിലില്‍ മറ്റൊന്ന്, ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളും വളച്ചൊടിച്ചു; കേരള സ്‌റ്റോറിയിലെ കള്ളക്കണക്കുകള്‍ നിരത്തി ആള്‍ട്ട് ന്യൂസ്
സുദീപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന കേരള സ്‌റ്റോറി എന്ന ചിത്രം വിവാദമായിരിക്കുകയാണ്. ഒരാഴ്ച മുമ്പ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതോടെയാണ് വിവാദമാരംഭിച്ചത്. പര്‍ദ ധരിച്ച ശാലിനി രാധാകൃഷ്ണന്‍ എന്ന പെണ്‍കുട്ടി 32000 സ്ത്രീകളെ ഐ.എസിലേക്ക് കേരളത്തില്‍ നിന്ന് ചേര്‍ത്തുവെന്ന് പറയുന്നതാണ് ടീസറില്‍ കാണുന്നത്.
ചിത്രത്തിലെ കണക്കുകളിലെ തെറ്റുകള്‍ നിരത്തിയുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുകയാണ് ആള്‍ട്ട് ന്യൂസ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വെച്ച കണക്കാണ് ടീസറില്‍ ഉപയോഗിച്ചിരിക്കുന്നതായി സുദീപ്‌തോ സെന്‍ പറയുന്നതെന്നും എന്നാല്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതാണ് ഇതെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദി ഫെസ്റ്റിവല്‍ ഓഫ് ഭാരത് എന്ന യൂട്യൂബ് ചാനലിന് സുദീപ്‌തോ സെന്‍ നല്‍കിയ അഭിമുഖത്തെ പറ്റിയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2010ല്‍ കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി നിയമസഭയില്‍ ഒരു റിപ്പോര്‍ട്ട് വെച്ചു. ഓരോ വര്‍ഷവും ഏകദേശം 2,800 മുതല്‍ 3,200 വരെ പെണ്‍കുട്ടികള്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നുവെന്ന് 2010ല്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. അടുത്ത 10 വര്‍ഷത്തേക്ക് ഈ കണക്ക് കൂട്ടിയാല്‍ 32,000 കിട്ടുമെന്നാണ് സെന്‍ അഭിമുഖത്തില്‍ പറയുന്നത്.
എന്നാല്‍ കേരളത്തില്‍ നിന്നുള്ള 32,000 സ്ത്രീകള്‍ ഐ.എസില്‍ ചേര്‍ന്നതായി ഒരു മാധ്യമത്തിന്റെയും റിപ്പോര്‍ട്ടില്ല. 2006 മുതല്‍ 2012 വരെ സംസ്ഥാനത്ത് 2,667 യുവതികള്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി ജൂണ്‍ 25ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ സ്ത്രീകള്‍ ഐ.എസില്‍ ചേര്‍ന്നതിനെക്കുറിച്ചൊരു പരാമര്‍ശമേയില്ല. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ലെന്നും ലൗ ജിഹാദിനെക്കുറിച്ചുള്ള ആശങ്ക അടിസ്ഥാനരഹിതമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞതായും വാര്‍ത്തകളുണ്ടായിരുന്നു.
തെളിവ് ആവശ്യപ്പെട്ട ആള്‍ട്ട് ന്യൂസിനോട് കണക്കുകള്‍ തന്റെ കൈവശമുണ്ടെന്നും ചിത്രത്തിന്റെ റിലീസിന് ശേഷം പുറത്ത് വിടുമെന്നുമാണ് സെന്‍ പ്രതികരിച്ചത്.
2022 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ദി കേരള സ്റ്റോറിയുടെ ആദ്യ ടീസറില്‍ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വാര്‍ത്താ സമ്മേളനത്തിന്റെ ഒരു ക്ലിപ്പും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ അച്യുതാനന്ദന്‍ പറയുന്നതുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സബ്‌ടൈറ്റിലായി ഉപയോഗിച്ചിരിക്കുന്നത്.
‘ദേശീയ ദിനമായ ഓഗസ്റ്റ് 15ന് ദേശീയവാദികളും രാജ്യസ്‌നേഹികളും പ്രകടനത്തില്‍ പങ്കെടുക്കുമല്ലോ, അതില്‍ ചെറുപ്പക്കാരായ ആളുകളെയെല്ലാം സ്വാധീനിച്ചിട്ട്, പണം കൊടിത്തിട്ട്…,’ എന്ന വാക്കുകള്‍ പോലും പൂര്‍ത്തിയാക്കാത്ത വീഡിയോ ആണ് ടീസറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ കീഴില്‍ വരുന്ന സബ്‌ടൈറ്റില്‍ കൊടുത്തിരിക്കുന്നത് ‘നിരോധിത സംഘടനയായ എന്‍.ഡി.എഫിന്റെ അജണ്ട പ്രകാരം പോപ്പുലര്‍ ഫ്രണ്ട് കേരളത്തെ മുസ്‌ലിം സംസ്ഥാനമാക്കാന്‍ ശ്രമിക്കുകയാണ്. 20 വര്‍ഷത്തിനുള്ളില്‍ കേരളത്തെ മുസ്‌ലിം സംസ്ഥാനമാക്കി മാറ്റാനാണ് അവരുടെ പ്ലാന്‍,’ എന്നാണ്.
കമന്റ് സെക്ഷനില്‍ ടീസറിനെ അഭിനന്ദിച്ചുള്ള കമന്റുകളാണ് ഭൂരിഭാഗമെങ്കിലും ചിലര്‍ സബ്‌ടൈറ്റിലിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയുടെയും വി.എസ്. അച്യുതാനന്ദന്റെയും പ്രസ്താവനകള്‍ സംവിധായകന്‍ തെറ്റായി ഉപയോഗിച്ചുവെന്നത് വ്യക്തമാണെന്ന് ആള്‍ട്ട് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Alt News has published a report listing the errors in the figures in the film the kerala story