ആഹാ... ഇത് കൊള്ളാമല്ലോ, ക്രിക്കറ്റിലെ അതുല്യ ഓള്‍ റൗണ്ടര്‍മാരുടെ കൂട്ടത്തില്‍ സ്ഥാനം; ബോത്തമിനും ഷാകിബിനും അശ്വിനുമൊപ്പം ഇനി ജഡേജയും
Sports News
ആഹാ... ഇത് കൊള്ളാമല്ലോ, ക്രിക്കറ്റിലെ അതുല്യ ഓള്‍ റൗണ്ടര്‍മാരുടെ കൂട്ടത്തില്‍ സ്ഥാനം; ബോത്തമിനും ഷാകിബിനും അശ്വിനുമൊപ്പം ഇനി ജഡേജയും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th February 2023, 12:24 pm

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ഇന്നിങ്‌സിലെ മൂന്നാം ദിവസത്തെ ഒന്നാം സെഷന്‍ അവസാനിച്ചപ്പോഴേക്കും ഇന്ത്യയുടെ അവസാന വിക്കറ്റും വീണിരുന്നു. ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

174 പന്തില്‍ നിന്നും 84 റണ്‍സുമായി നില്‍ക്കവെയാണ് അക്‌സര്‍ പുറത്തായത്. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ താരം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. 139.3 ഓവറില്‍ 400 റണ്‍സാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്. 223 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും ഇന്ത്യക്കൊപ്പമുണ്ട്.

മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിനും മൂന്നാം ദിവസം വിദര്‍ഭ സാക്ഷ്യം വഹിച്ചിരുന്നു. 47 പന്തില്‍ നിന്നും 37 റണ്‍സാണ് ഷമി സ്വന്തമാക്കിയത്. മൂന്ന് സിക്‌സറും രണ്ട് ഫോറുമാണ് ഷമിയുടെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം സിക്‌സറടിച്ചതും ഷമി തന്നെ.

ജഡേജയും അക്‌സറും ചേര്‍ന്നായിരുന്നു മൂന്നാം ദിവസം ആരംഭിച്ചത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ജഡേജയെ പുറത്താക്കിക്കൊണ്ട് ടോഡ് മര്‍ഫി ഇന്ത്യയെ വീണ്ടും ഞെട്ടിച്ചിരുന്നു. 185 പന്തില്‍ നിന്നും 70 റണ്‍സ് നേടിയാണ് ജഡേജ പുറത്തായത്.

പുറത്തായെങ്കിലും അതിനോടകം തന്നെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും താരത്തിനായിരുന്നു. ലോകത്തിലെ എലീറ്റ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ മുന്നേറ്റമുണ്ടാക്കിയാണ് താരം ഒരിക്കല്‍ക്കൂടി തിളങ്ങിയത്.

 

ഏറ്റവുമധികം തവണ ഒരു ടെസ്റ്റ് മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടുകയും അര്‍ധ സെഞ്ച്വറി തികയ്ക്കുകയും ചെയ്ത താരങ്ങളുടെ പട്ടികയിലാണ് ജഡേജ മുന്നേറിയത്. ആറ് തവണയാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്.

ഇയാന്‍ ബോതം, ഷാകിബ് അല്‍ ഹസന്‍, ആര്‍. അശ്വിന്‍ എന്നിവര്‍ക്കൊപ്പമാണ് ജഡേജ സ്ഥാനം കണ്ടെത്തിയത്.

ഏറ്റവുമധികം തവണ ഒരു ടെസ്റ്റ് മത്സരത്തില്‍ അഞ്ച് വിക്കറ്റും അര്‍ധ സെഞ്ച്വറിയും നേടിയ താരങ്ങള്‍

ഇയാന്‍ ബോതം (ഇംഗ്ലണ്ട്) – 11 തവണ

ഷാകിബ് അല്‍ ഹസന്‍ (ബംഗ്ലാദേശ്) – 10 തവണ

രവീന്ദ്ര ജഡേജ (ഇന്ത്യ) – 6 തവണ

ആര്‍. അശ്വിന്‍ (ഇന്ത്യ) – 6 തവണ

റിച്ചാര്‍ഡ് ഹാഡ്‌ലി (ന്യൂസിലാന്‍ഡ്) – 6 തവണ

 

Content Highlight: Along with Ian Botham and Shakib Al Hasan, Ravindra Jadeja also made it to the list of elite all-rounders.