Alone Review | ഒരു 'പരീക്ഷണ' തലവേദന
movie review
Alone Review | ഒരു 'പരീക്ഷണ' തലവേദന
അന്ന കീർത്തി ജോർജ്
Saturday, 28th January 2023, 1:55 pm

ഒറ്റക്കിരുന്ന് എലോണ്‍ കണ്ടുതീര്‍ക്കുക എന്നത് ഏറെ ശ്രമകരമായ പണിയായിരുന്നു എന്ന് പറഞ്ഞുകൊണ്ട് തന്നെ തുടങ്ങട്ടെ. ഷാജി കൈലാസും മോഹന്‍ലാലും ‘ഞങ്ങളിതാ ഒരു പരീക്ഷണം നടത്തുന്നേ’ എന്ന് ഓരോ ഷോട്ടിലും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് എടുത്തിരിക്കുന്ന ചിത്രമാണ് എലോണ്‍.

ഒരേയൊരു കഥാപാത്രത്തെ മാത്രമേ കാണിക്കുന്നുള്ളു എന്ന കഥ പറച്ചില്‍ രീതിയാണ് ഈ പ്രധാനമെങ്കിലും, പരീക്ഷണം ഒരു മുദ്രാവാക്യം വിളിയായാകുന്നത് ക്യാമറ മൂവ്‌മെന്റിലാണ്. താഴെ നിന്ന് മുകളിലേക്കും, മുകളില്‍ നിന്ന് താഴേക്കും, വട്ടം കറങ്ങിയും, തലതിരിഞ്ഞും മറിഞ്ഞും കിടന്നും ഓടിയും ചാടിയുമെല്ലാം ക്യാമറ ഈ സിനിമയിലെത്തുന്നുണ്ട്.

അവസാന ട്വിസ്റ്റില്‍ വെളിപ്പെടുന്ന ‘ആ കാളിദാസിനോട്’ ചേര്‍ന്നുനില്‍ക്കുന്നതിന് വേണ്ടിയായിരിക്കാം ക്യാമറ പേഴ്‌സണ്‍സായ അഭിനന്ദ് രാമാനുജവും പ്രമോദ് കെ. പിള്ളയും, പിന്നെ ഷാജി കൈലാസും ഇത്തരമൊരു രീതി അവലംബിച്ചത് എന്ന് കരുതി വേണമെങ്കില്‍ ആശ്വസിക്കാം. പക്ഷെ, സിനിമ കാണുന്ന സമയം മുഴുവന്‍ തലവേദനും ഇറിറ്റേഷനുമാണ് ഈ ക്യാമറ സമ്മാനിച്ചത് എന്ന് പറയാതെ വയ്യ. വൈ…ബട്ട്..വൈ… എന്ന് സിനിമയിലെ ഓരോ ഘടകത്തോടും ചോദിച്ചിരുന്നെങ്കിലും, അത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉള്ളില്‍ നിന്ന് ഉയര്‍ന്നത് ക്യാമറാ വര്‍ക്കിനോടായിരുന്നു.

അടുത്തത് പശ്ചാത്തല സംഗീതമാണ്. തന്റെ സ്ഥിരം ഴോണറില്‍ നിന്നും മാറി, ഒരേയൊരു കഥാപാത്രവും, അതും മാസ് ആക്ഷന്‍ സീനുകളില്ലാത്ത ഒരു നായക കഥാപാത്രവുമായിട്ടാണ് ഷാജി കൈലാസ് എത്തുന്നതെങ്കിലും, ആ മാറ്റത്തെ പാതിവെന്തതിലും മോശം പരുവമാക്കുന്നത് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്ന പശ്ചാത്തല സംഗീതമാണ്.

കൊവിഡ് കാലത്ത്, ഒറ്റക്കൊരു ഫ്‌ളാറ്റില്‍ കഴിയുന്ന, മറ്റാരെയും കാണാനില്ലാത്ത ഒരാളുടെ കഥ പറയുമ്പോള്‍ എന്തിനാണ് ഇത്രയും ഒച്ചപ്പാടും ബഹളവുമുള്ള ബി.ജി.എം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഒരു നിമിഷം പോലും എലോണ്‍ നിശബ്ദതമല്ല. കഥയുടെ ഭാഗമായി തന്നെ ഇടതടവില്ലാതെ ഫോണ്‍കോളുകളും, അപ്പുറത്തെ റൂമിലെ ആളുകളുമായുള്ള സംസാരവും, കാളിദാസ് കേള്‍ക്കുന്ന മറ്റു സംഭാഷണങ്ങളുമെല്ലാം ചിത്രത്തിലുണ്ട്. അതൊന്നും പോരെന്ന് തോന്നിയിട്ടായിരിക്കണം, കാളിദാസ് ഓരോ തവണ മുറിയുടെ വാതില്‍ തുറക്കുമ്പോഴും അടക്കുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും എന്തിന് വെറുതെ തിരിയുമ്പോഴും വരെ ‘അവതാരപ്പിറവികളുടെ മുഴുവന്‍ രൗദ്രഭാവം ആവാഹിച്ച’ ബി.ജി.എമ്മിട്ട് കൊഴുപ്പിച്ച് വെച്ചിട്ടുള്ളത്.

പുതുമ തോന്നിക്കാനായി വെസ്റ്റേണ്‍ മോഡിലുള്ള ചില സംഗീതശകലങ്ങളും വാരിവിതറിയിട്ടുണ്ട്. ക്യാമറ പേഴ്‌സണ്‍സിനെയും 4മ്യൂസിക്കിനെയും മറ്റേതെങ്കിലും രീതിയിലായിരുന്നു എലോണില്‍ ഉപയോഗിച്ചിരുന്നതെങ്കിലും എലോണ്‍ ഒരു ‘സഹിക്കബിള്‍’ സിനിമയായിരുന്നേനെ.

സൗണ്ട് ഡിസൈന്‍ ഏറ്റവും മോശമായ ചിത്രം കൂടിയാണ് എലോണ്‍. വാതില്‍ അടച്ചിട്ട് അതിന് പുറകില്‍ നിന്നും സംസാരിക്കുന്നതും, ഫോണ്‍കോളിലൂടെ സംസാരിക്കുന്നതുമായി നിരവധി രംഗങ്ങള്‍ ഈ ചിത്രത്തിലുണ്ട്, കൂടാതെ കാളിദാസ് മാത്രം കേള്‍ക്കുന്ന കുറെ സംസാരങ്ങളും. റെക്കോഡ് ചെയ്‌തെടുത്ത ശബ്ദങ്ങളെന്നല്ലാതെ, ഇവയൊന്ന് പോലും ഫോണ്‍കോളാണെന്നോ, അപ്പുറത്ത് നിന്ന് സംസാരിക്കുകയാണെന്നോ തോന്നുന്നില്ലായിരുന്നു. ഈ അപാകത ആസ്വാദനത്തെ വളരെ മോശമായാണ് ബാധിക്കുന്നത്.

മിസ്റ്ററി ത്രില്ലര്‍ ഴോണറില്‍ അല്‍പം സൂപ്പര്‍ നാച്ചുറല്‍ എലമെന്റുകള്‍ ചേര്‍ത്താണ് എലോണിന്റെ പ്ലോട്ട്. കൊവിഡ് കാലവുമായി ചിത്രത്തെ കണക്ട് ചെയ്യിപ്പിക്കുന്നതിന് വേണ്ടിയുള്ള കുറച്ച് കാര്യങ്ങള്‍ സിനിമയില്‍ ബോധപൂര്‍വം ഏച്ചുകൂട്ടി വെച്ചിട്ടുണ്ട്. അതിനപ്പുറത്തേക്ക്, ഷാജി കൈലാസും മോഹന്‍ലാലും എത്രമേല്‍ ആഞ്ഞു പരിശ്രമിച്ചിട്ടുണ്ടെങ്കിലും, അവസാനം വരുന്ന ട്വിസ്റ്റടക്കം ഈ സിനിമയിലെ ഒന്നും ഒരു പുതുമയും സമ്മാനിക്കുന്നില്ല.

ത്രില്ലിങ്ങാകാനും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താനും കഥയില്‍ രാജേഷ് ജയരാമന്‍ നടത്തുന്ന പരിശ്രമങ്ങളെല്ലാം അപ്പാടെ ചീറ്റിപ്പോകുകയാണ്. ഒന്നിനു പിന്നാലെ ഒന്നായി കാളിദാസിന് മുന്നിലേക്ക് തെളിവുകളെത്തുന്നത് കാണുമ്പോള്‍ ആരുടെയും കണ്ണുതള്ളിപ്പോകും.

ഇനി അതെല്ലാം അങ്ങനെ തന്നെയാണോ സംഭവിച്ചത് എന്ന ഒരു ഓപ്പണ്‍ എന്‍ഡ് ചോദ്യത്തിന് സിനിമയുടെ ക്ലൈമാക്‌സ് അവസരം നല്‍കുന്നുണ്ടെങ്കിലും പ്ലോട്ടും എക്‌സിക്യൂഷനും പരാജയമാണ്. മാത്രമല്ല, ആ ക്ലൈമാക്‌സും അവിടെ നടക്കപ്പെടുന്ന വെളിപ്പെടലുകളും ഒരുപാട് വര്‍ഷങ്ങള്‍ പുറകിലേക്ക് സഞ്ചരിക്കുന്നുമുണ്ട്. കഥ പ്രേക്ഷകരെ ഒരു തരത്തിലും ത്രില്ലടിപ്പിക്കാത്തതിന് നേരത്തെ പറഞ്ഞ ട്രീറ്റ്‌മെന്റിലെ അപാകതകളും കാരണമാണ്.

റിയല്‍ ഹീറോസ് ഓള്‍വെയ്‌സ് വോക്ക് എലോണ്‍ എന്ന ടാഗ് ലൈനൊക്കെ സിനിമയില്‍ ഹീറോയിക്കായി കടന്നുവരുന്നത് ആരെയും ചിരിപ്പിക്കും. ഇന്റര്‍വെല്ലില്‍ ഈ ടാഗ്‌ലൈന് വേണ്ടി മാത്രം ഒരു സീന്‍ വെക്കുന്നുണ്ട്. എന്നാല്‍ ഈ സീന്‍ തന്നെ മറന്നുകൊണ്ടാണ് രണ്ടാം പകുതി തുടങ്ങുന്നത്.

ചിത്രത്തിലെ ഓരോ സംഭാഷണവും അതിന്റെ ഡെലിവറിയും കൃത്രിമമായിരുന്നു. മഞ്ജു വാര്യരും പൃഥ്വിരാജും രചന നാരായണന്‍കുട്ടിയും മല്ലിക സുകുമാരനും നന്ദുവും രണ്‍ജി പണിക്കറും സിദ്ദിഖും തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ ശബ്ദരൂപത്തിലെത്തുന്നുണ്ട്. ഇതില്‍ ചിലര്‍ അനുഭവസമ്പത്തിന്റെ പരിചയം കൊണ്ട് ഡയലോഗിലെ ഈ കൃത്രിമത്വത്തെ മറികടക്കുന്നുണ്ടെങ്കിലും എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ.

കാളി, കാളിദാസ്, കാളിദാസന്‍ എന്നെല്ലാം സ്വയം പരിചയപ്പെടുത്തിയെത്തുന്ന മോഹന്‍ലാലിന്റെ കഥാപാത്രമാണ് എലോണിന്റെ ജീവാത്മവും പരമാത്മവും. അടുത്തിടെയിറങ്ങിയ മോഹന്‍ലാല്‍ കഥാപാത്രങ്ങളുമായി താരമത്യം ചെയ്യുമ്പോള്‍ നേരിയ ചില വ്യത്യാസങ്ങളൊക്കെ കാളിദാസില്‍ കണ്ടുപിടിക്കാനായേക്കാം. ഒരൊറ്റ കഥാപാത്രവുമായെത്തുന്ന സിനിമകള്‍ ഇന്‍ട്രസ്റ്റിങ്ങാകാണമെങ്കില്‍, ആ കഥാപാത്രവും പെര്‍ഫോമന്‍സും അത്രമേല്‍ കെട്ടുറപ്പുള്ളതായിരിക്കണം. പക്ഷെ, ഇടക്കിടെ മോഹന്‍ലാലിന്റെ കുക്കിങ്, യോഗ, തത്വചിന്ത എന്നിവയൊക്കെ പറഞ്ഞുവെക്കാനുള്ള വേദി എന്നതിനപ്പുറത്തേക്ക് ഈ കഥാപാത്രത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയെ ഒരു തരത്തിലും ചാലഞ്ച് ചെയ്യാത്ത, ആക്ഷനും ക്യൂട്ട്‌നെസും മാത്രമായി എത്തുന്ന സമീപകാല വേഷങ്ങളുടെ കൂട്ടത്തിലേക്കാണ് ഒരു അല്‍പം എക്‌സെന്‍ട്രിക്കായ കാളിദാസിന്റെയും വഴി നീളുന്നത്.

Content Highlight: Alone Movie Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.