'ഞാന്‍ വിശ്വാസി, ഇത് ഇറച്ചി കിട്ടുന്നതിന് വേണ്ടിയല്ല, മതത്തില്‍ നിന്ന് പുറത്താക്കപ്പെടാതിരിക്കാന്‍'; അമുസ്‌ലിമിനെ മകള്‍ കല്യാണം കഴിച്ചതിന് ഉളുഹിയത്ത് മാംസം നിഷേധിച്ചതായി ആരോപണം
society
'ഞാന്‍ വിശ്വാസി, ഇത് ഇറച്ചി കിട്ടുന്നതിന് വേണ്ടിയല്ല, മതത്തില്‍ നിന്ന് പുറത്താക്കപ്പെടാതിരിക്കാന്‍'; അമുസ്‌ലിമിനെ മകള്‍ കല്യാണം കഴിച്ചതിന് ഉളുഹിയത്ത് മാംസം നിഷേധിച്ചതായി ആരോപണം
അളക എസ്. യമുന
Sunday, 2nd August 2020, 2:35 pm

പുത്തന്‍കുന്ന്: ഇതര മതത്തില്‍പ്പെട്ട യുവാവിനെ മകള്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ ബലിപെരുന്നാളിന് പള്ളിയില്‍ നിന്ന് വിതരണം ചെയ്യുന്ന ഉളുഹിയത്ത് മാംസം കുടുംബത്തിന് നിഷേധിച്ചതായി പരാതി. പുത്തന്‍ കുന്ന് നേര്‍ച്ചക്കണ്ടി സുലൈമാനാണ് പള്ളിക്കമ്മിറ്റിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

തന്റെ മകള്‍ ഒരു അമുസ്‌ലിമിനെ കല്യാണം കഴിച്ചതുകൊണ്ടാണ് വര്‍ഷങ്ങളായി തനിക്ക് ലഭിച്ചുകൊണ്ടിരുന്ന ഒലിയത്ത് നിഷേധിക്കപ്പെട്ടതെന്ന് സുലൈമാന്‍ പറയുന്നു.

രണ്ട് മാസം മുന്‍പ് പള്ളിക്കമ്മിറ്റി തന്നെ വിളിക്കുകയും മകളും ഭര്‍ത്താവും വീട്ടിലേക്ക് വന്നാല്‍ അതുമായി യോജിച്ചുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നതായും സുലൈമാന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

മകളും ഭര്‍ത്താവും വീട്ടിലേക്ക് വരുമ്പോള്‍ അവരോട് വരരുത് എന്ന് താന്‍ പറയില്ലെന്ന് സുലൈമാന്‍ പള്ളിക്കമ്മറ്റിയെ അറിയിക്കുകയും ചെയ്തിരുന്നു.

പ്രസിഡന്റുമായി കൂടിയിരുന്ന് ആലോചിച്ച ശേഷം മറുപടി പറയാമെന്ന് പറഞ്ഞ് കമ്മിറ്റിക്കാര്‍ പോയെങ്കിലും പിന്നീട് പ്രതികരണം ഉണ്ടായില്ലെന്നും സുലൈമാന്‍ പറഞ്ഞു.

പിന്നീട് പെരുന്നാളിന് തലേന്ന് ദിവസം വീണ്ടും വിളിച്ച് നിലാപാട് എന്താണെന്ന് കമ്മറ്റി സെക്രട്ടറി ചോദിക്കുകയും നേരത്തെ പറഞ്ഞ നിലപാടില്‍ നിന്ന് വ്യത്യാസമില്ലെന്ന് കമ്മിറ്റിയെ താന്‍ അറിയിച്ചെന്നും സുലൈമാന്‍ വ്യക്തമാക്കി.

മകള്‍ വന്നുപോകുന്നത് കുഴപ്പമില്ലെന്നും എന്നാല്‍ മരുമകന്‍ വരുന്നത് അനുവദിക്കാന്‍ പറ്റില്ലെന്നും പരാതികള്‍ ഇത് സംബന്ധിച്ച് വരുന്നുണ്ടെന്നും കമ്മിറ്റിയില്‍ നിന്ന് വിളിച്ചു ചോദിച്ചിരുന്നെന്ന് സുലൈമാന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

മകളോടും ഭര്‍ത്താവിനോടും വീട്ടിലേക്ക് കയറണ്ടാ എന്ന് താന്‍ പറയില്ലെന്ന നിലപാട് ആവര്‍ത്തിച്ചപ്പോള്‍ അങ്ങനെയാണെങ്കില്‍ ഉളുഹിയത്തിന്റെ  ഇറച്ചി തരാന്‍ പറ്റില്ലെന്ന് പള്ളിക്കമ്മിറ്റി പറഞ്ഞെന്നും സുലൈമാന്‍ പറഞ്ഞു.

” കമ്മിറ്റിയുടെ തീരുമാനം അങ്ങനെ ആണെങ്കില്‍ ആയിക്കോട്ടെ, പക്ഷേ വര്‍ഷങ്ങളായി എന്റെ ഉമ്മ വിശ്വാസവും കാര്യങ്ങളുമായി പോകുന്ന ആളാണ്. അവര്‍ക്ക് വിഷമം ഉണ്ടാവില്ലേ,?,” സുലൈമാന്‍ ചോദിക്കുന്നു.

പെരുന്നാളിന്റെ അന്ന് രാത്രി പത്തുമണി വരെ കാത്തിരുന്നെന്നും അതിന് ശേഷമാണ് ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടെന്നും സുലൈമാന്‍ പറഞ്ഞു.

” ഇത് ഒരു ഇറച്ചി കിട്ടുന്നതിന് വേണ്ടിയല്ല. ഞങ്ങളെ പള്ളിയില്‍ നിന്ന് പുറത്ത് ആക്കുന്നതിന് തുല്യമാണിത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് വന്നാല്‍ അടുത്ത ഘട്ടമായി അവര്‍ വരിസംഖ്യ വാങ്ങിക്കാതിരിക്കുക, വീടുകളിലേക്ക് മതപരമായ ചടങ്ങുകള്‍ക്കൊന്നും പങ്കെടുക്കാന്‍ പറ്റാത്ത രീതിയിലേക്കാക്കാം. അതിലേക്ക് എത്തിക്കുന്നതിന്റെ മുന്നോടിയായും വരച്ചവരയില്‍ എന്നെ നിര്‍ത്തുന്നതിനുവേണ്ടിയുമാണ് തിട്ടൂരം ആയിട്ടാണ് എനിക്ക് ഇത് തോന്നിയത്,” സുലൈമാന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മതത്തിന് എതിരായി താന്‍ പ്രവര്‍ത്തിക്കുകയോ തെറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല എന്നിട്ടും എന്തുകൊണ്ടാണ് ഇത് നിഷേധിക്കുമ്പോഴുണ്ടാവുന്ന വിഷമം കൊണ്ടാണ് താന്‍ ഇത് തുറന്ന് പറഞ്ഞതെന്ന് സുലൈമാന്‍ പറഞ്ഞു. താന്‍ ഒരു മുസ്‌ലിം വിശ്വാസി തന്നെയാണെന്നും കൊവിഡ് പ്രതിസന്ധിക്കാലത്തും ഇത്തരം പ്രവൃത്തികള്‍ നടത്തുന്നത് ശരിയാണോ എന്നും സുലൈമാന്‍ ചോദിക്കുന്നു.

എന്നാല്‍ സുലൈമാന്‍ പള്ളി കമ്മിറ്റിക്കെതിരെ ആരോപിച്ച കാര്യങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്നാണ് പള്ളിമഹല്‍ അധികൃതരുടെ വാദം.

മകളും ഭര്‍ത്താവും സുലൈമാന്റെ വീട്ടില്‍ വരുന്നത് ആളുകള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം ആയിട്ടുണ്ടെന്നും മതത്തിനെതിരായി പ്രവര്‍ത്തിച്ചപ്പോള്‍ സുലൈമാനെ വിളിച്ച് കാര്യം പറയുക മാത്രമാണ് ചെയ്തതെന്നും പുത്തന്‍കുന്ന് മഹല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് മുഹമ്മദ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് നടന്ന വിവാഹത്തില്‍ ഇതുവരെ പള്ളിക്കമ്മിറ്റി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കഴിഞ്ഞ മാസം വരെ സുലൈമാനോട് വരി സംഖ്യ വാങ്ങുകയും രണ്ട് മാസം മുന്‍പ് നോമ്പിന്റെ പ്രത്യേക പരിപാടിക്ക് സുലൈമാന്റെ വീട്ടില്‍ ഭക്ഷണം കൊണ്ടു കൊടുത്തിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

”മതത്തിന് എതിരായ കാര്യമാണ് ചെയ്തത്. ഇത് ജനങ്ങളുടെ ഇടയില്‍ സംസാര വിഷയമാവുകയും ചെയ്തു. മതത്തിനെതിരെ പ്രവര്‍ത്തിച്ചപ്പോള്‍ സുലൈമാനെ വിളിച്ചു പറയുക മാത്രമാണ് ചെയ്തത്. 300 ഓളം കുടുംബങ്ങള്‍ മഹലില്‍ ഉള്‍പ്പെടുന്നുണ്ട്. ആളുകള്‍ക്കിടയില്‍ സുലൈമാന് ഉളുഹിയത്ത് മാസം കൊടുക്കുന്നതില്‍ എതിര്‍പ്പുണ്ടായി. ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ കമ്മിറ്റിക്കങ്ങനെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കില്‍ മാംസം വേണ്ടാ എന്ന് സുലൈമാന്‍ തന്നെ പറയുകയായിരുന്നു,”, മുഹമ്മദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മതപരമായ ചടങ്ങുകളില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന സുലൈമാന്റെ ആരോപണത്തിന് മുന്‍കൂട്ടി ഒന്നും പറയാന്‍ പറ്റില്ലെന്നും അടുത്ത നിലപാട് കമ്മിറ്റി കൂടിയ ശേഷം മാത്രമേ തീരുമാനിക്കാന്‍ പറ്റുള്ളൂ എന്നും ഇതുവരെ സുലൈമാന് അത്തരത്തില്‍ ഒരു അറിയിപ്പും കൊടുത്തിട്ടില്ലെന്നും മുഹമ്മദ് പറഞ്ഞു.

വിഷയം ചര്‍ച്ചയ്ക്ക് വെച്ചിട്ടുണ്ടെന്നും അതിലുണ്ടാകുന്ന തീരുമാനത്തിനനുസരിച്ച് മുന്നോട്ട് പോകുമെന്നും മനഃപൂര്‍വ്വം ഒരാളേയും മഹലില്‍ നിന്ന് ഒഴിവാക്കില്ലെന്നും മുഹമ്മദ് കൂട്ടിച്ചേര്‍ത്തു

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

 

 

അളക എസ്. യമുന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.