Kerala News
'ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജാതിഭ്രഷ്ട്'; വാദ്യ രംഗത്ത് വിവേചനം; അവസരം 'മേല്‍ജാതി'ക്കാര്‍ക്കെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 14, 05:42 am
Saturday, 14th November 2020, 11:12 am

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യ രംഗത്ത് ജാതിഭ്രഷ്ടെന്ന് പരാതി. ക്ഷേത്ര വാദ്യരംഗത്തെ കലാകാരന്മാരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അവസരം നല്‍കുന്നത് മേല്‍ജാതിക്കാര്‍ക്ക് മാത്രമാണെന്നും ഇവര്‍ ആരോപിച്ചു.

ദളിത് വിഭാഗത്തില്‍ ഉള്ള കലാകാരന്മാര്‍ക്ക് ക്ഷേത്രത്തിനകത്ത് വാദ്യമേളത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും കലാകാരന്മാര്‍ പറയുന്നു.

ക്ഷേത്രമതിലനകത്ത് ഇപ്പോഴും ചില ജാതിയില്‍പ്പെട്ട കലാകാരന്മാര്‍ക്ക് വാദ്യം അവതരിപ്പിക്കാന്‍ പറ്റുന്നില്ലെന്ന് പഞ്ചവാദ്യ കലാകാരനായ കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട് പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്നും കലാകാരന്മാര്‍ ആരോപിക്കുന്നു. അതേസമയം, അങ്ങനെയൊരു പ്രശ്‌നമില്ലെന്നും പ്രശ്‌നമുണ്ടെങ്കില്‍ പരിശോധിക്കാമെന്നുമാണ് ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.വി മോഹന്‍ ദാസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെയും സമാനമായ പരാതിയുമായി കലാകാരരന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്. 2014 ല്‍ ഇലത്താളം കലാകാരനായ ബാബു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഗുരുവായൂര്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലെ ഇടത്തുരുത്തി ക്ഷേത്രത്തില്‍ മേളം നടത്താന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് പഞ്ചവാദ്യം കൊട്ടി പ്രതിഷേധിച്ചത്.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Allegation against Guruvayur Devaswom