ജീവന്‍ ഉണ്ടായാലല്ലേ അറസ്റ്റ് ചെയ്യാന്‍ പറ്റൂ; കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി പ്രതിയ്ക്ക് ജാമ്യം അനുവദിക്കവേ സിദ്ദിഖ് കാപ്പന്‍ വിധിയെ ഉദ്ധരിച്ച് അലഹബാദ് ഹൈക്കോടതി
ലഖ്‌നൗ: കൊവിഡ് മഹാമാരി തീവ്രമായി പടരുന്നത് ജീവന് ഭീഷണിയുയര്‍ത്തുന്ന സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കൊവിഡ് പ്രതിസന്ധി ജാമ്യം അനുവദിക്കാനുള്ള കാരണമാണെന്ന് കോടതി പറഞ്ഞത്.
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ദല്‍ഹിയിലെ എയിംസിലേക്ക് മാറ്റണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി വിധി കൂടി ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അലഹബാദ് കോടതി ജഡ്ജി സിദ്ധാര്‍ത്ഥ് വിധി പറഞ്ഞത്.
ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളുടെ ഇന്നത്തെ സ്ഥിതി പരിശോധിക്കുമ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ കുറ്റാരോപിതരായവരില്‍ ചിലര്‍ക്കെങ്കിലും കൊവിഡ് ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ടാകാമെന്ന് കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ ഇയാളുടെ ജീവന് ഭീഷണിയുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണെന്നും കോടതി പറഞ്ഞു. ഇതോടൊപ്പം കര്‍ശന വ്യവസ്ഥകളും കോടതി വിധിച്ചിട്ടുണ്ട്.
ഗാസിയബാദ് സ്വദേശിയായ പ്രതീക് ജെയ്‌നായിരുന്നു ഹരജി നല്‍കിയിരുന്നത്. വഞ്ചന, രേഖകളില്‍ കൃതിമത്വം കാണിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്.
നിയമം എന്ന് പറയുന്നത് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ്. അതാത് സമയത്തെ സ്ഥിതി മനസ്സിലാക്കിയുള്ള മാറ്റങ്ങള്‍ നിയമം നടപ്പാക്കുന്നതിലും കൊണ്ടുവരണം. അറസ്റ്റ് ചെയ്യണമെങ്കില്‍ ആദ്യം പ്രതി ജീവിച്ചിരിക്കണം. ആര്‍ട്ടിക്കിള്‍ 21 പ്രകാരം എല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ജയിലിലുള്ള മറ്റു പ്രതികളില്‍ നിന്നോ, പൊലീസുകാരില്‍ നിന്നോ കോടതിയില്‍ നിന്നോയെല്ലാം പ്രതിക്ക് കൊവിഡ് വരാനുള്ള സാധ്യതയുണ്ടെന്നും ജയിലുകളില്‍ കൃത്യമായ പരിശോധന – ചികിത്സ – പരിചരണ സംവിധാനങ്ങളിലില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
സിദ്ദിഖ് കാപ്പന് കൊവിഡ് ബാധിച്ച സമയത്ത് ഉത്തര്‍ പ്രദേശിലെ മഥുരയില്‍ നിന്നും എയിംസിലേക്ക് മാറ്റാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നെന്നും വിചാരണ നേരിടുന്നവര്‍ക്കായാലും അവരുടെ ജീവന്‍ സംരക്ഷിക്കപ്പെടണമെന്നത് മൗലിക അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക