ന്യൂദല്‍ഹി: താജ്മഹലിലെ അടച്ചിട്ട 20 മുറികള്‍ തുറക്കണമെന്ന ബി.ജെ.പി നേതാവിന്റെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഡി.കെ ഉപാധ്യായ്, സുബാഷ് വിദ്യാര്‍ഥി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഹരജി നിലനില്‍ക്കില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
താജ്മഹലിന്റെ അടച്ചിട്ട 20 മുറികള്‍ തുറന്ന് ശരിയായ ചരിത്രം കണ്ടെത്തണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. അടച്ചിട്ട മുറികളില്‍ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളോ വിഗ്രഹങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വൈദഗ്ദ്യം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ വിധി പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
വിഷയം ഗവേഷകരുടെ പരിധിയില്‍ വരുന്നതാണ്. ചരിത്രപരമായ വിഷയങ്ങളില്‍ വിധി പറയുന്നത് ഹരജിയുടെ പരിധിയില്‍ വരില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഹരജി തള്ളുകയാണെന്നും കോടതി വ്യക്തമാക്കി.
അയോധ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകനായ രാജ്‌നീഷ് സിംഗാണ് ഹരജി നല്‍കിയത്.
ഹിന്ദു ആരാധനയ്ക്കായുള്ള വിഗ്രഹങ്ങളോ മറ്റ് അനുബന്ധ വസ്തുക്കളോ അടച്ചിട്ട 20 മുറികളില്‍ ഉണ്ടോയെന്ന് കണ്ടെത്തണമെന്നും, ഇതിനായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് അനുവാദം നല്‍കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി നല്‍കിയത്. ഈ മുറികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വിവരാവകാശവും രാജ്‌നീഷ് ഫയല്‍ ചെയ്തിരുന്നു.
താജ്മഹലിനുള്ളില്‍ എന്തിനാണ് ഈ മുറികളെല്ലാം പൂട്ടിയിട്ടിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയണമെന്നും ധാരാളം മുറികള്‍ സീല്‍ ചെയ്ത അവസ്ഥയിലാണെന്നും ഇതിനുള്ളില്‍ എന്താണുള്ളതെന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്നും ദിയ പറഞ്ഞിരുന്നു.
Content Highlight: Allahabad High Court dismisses petition on Taj Mahal