Advertisement
Kerala News
കല്ലട കേസില്‍ അട്ടിമറിനീക്കമെന്ന് സംശയം; തിരിച്ചറിയല്‍ പരേഡിന് മുമ്പ് പ്രതിക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 19, 08:08 am
Sunday, 19th May 2019, 1:38 pm

എറണാകുളം: യാത്രക്കാരെ ആക്രമിച്ച കേസില്‍ കല്ലട ബസിലെ യാത്രക്കാരെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കുന്നതിന് മുമ്പ് പ്രതിക്ക് ജാമ്യം. സംഭവത്തില്‍ മൂന്നാം പ്രതിയും കല്ലട ബസിലെ ജീവനക്കാരനുമായിരുന്ന ജിതിനാണ് ജാമ്യം ലഭിച്ചത്.

ഇയാള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ തൃക്കാക്കര എ.എസ്.പി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.ഏഴുപേരാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി നാളെയാണ് തിരിച്ചറിയല്‍ പരേഡ് നടക്കേണ്ടത്.

ഇതിനിടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. കേസില്‍ തിരിച്ചറിയല്‍ പരേഡ് നടക്കുന്നുണ്ട് എന്ന കാര്യം പ്രോസിക്യൂഷന്‍ മറച്ചുവെച്ചതാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ കാരണമെന്ന് ആരോപണം ഉയരുന്നുണ്ട്.

കഴിഞ്ഞ മാസം ഇരുപതാം തിയ്യതിയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു. എന്നാല്‍ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫീസില്‍ എത്തിയപ്പോള്‍ ഹരിപ്പാട് വെച്ചുണ്ടായ തര്‍ക്കത്തിനു പകരം ചോദിക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറി യാത്രക്കാരെ അക്രമിക്കുകയായിരുന്നു.

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കായിരുന്നു ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നത്. ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് അക്രമ സംഭവം പുറത്തറിഞ്ഞിരുന്നത്.

DoolNews Video