ബെയ്റൂട്ട്: ഇസ്രഈലിലെ മുഴുവൻ സൈനിക ഔട്ട്‌പോസ്റ്റുകളും തന്ത്രപ്രധാനമായ കേന്ദ്രങ്ങളും തങ്ങളുടെ മിസൈലുകളുടെയും ഡ്രോണുകളുടെയും പരിധിയിലാണെന്ന് ലെബനീസ് പ്രതിരോധ സേനയായ ഹിസ്ബുള്ള.
ഹിസ്ബുള്ള സേനയിലെ പോരാളികൾ യുദ്ധത്തിനായി സജ്ജരായിക്കൊണ്ടിരിക്കെ ലെബനനെതിരെ ഇസ്രഈൽ യുദ്ധത്തിനൊരുങ്ങുന്നത് വലിയ വിഡ്ഢിത്തമാണെന്ന് ഹിസ്ബുള്ള എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ വൈസ് പ്രസിഡന്റ് ഷെയ്ഖ് അലി ദമൂഷ് പറഞ്ഞു.
‘ലെബനനിലെ പ്രതിരോധ സേന വളർന്ന് കരുത്തരായിരിക്കുന്നു. അംഗങ്ങളുടെയും ജീവൻ നഷ്ടപ്പെട്ട പോരാളികളുടെയും ത്യാഗങ്ങൾക്കും നേട്ടങ്ങൾക്കും നന്ദി.
ഹിസ്ബുള്ളയുമായി ഒരു വലിയ സംഘട്ടനമുണ്ടായേക്കുമെന്ന് സയണിസ്റ്റ് ഭരണകൂടം ഭയക്കുന്നു. കാരണം ഞങ്ങളുടെ കരുത്തിനെ കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ട്,’ ദമൂഷ് പറഞ്ഞു.
കണ്ണിന് കണ്ണ് എന്ന രീതിയിലായിരിക്കും ഇസ്രഈലിന്റെ ആക്രമണങ്ങൾക്ക് മറുപടി നൽകുക എന്നും കൂടുതൽ ഇസ്രഈലി ഔട്ട്‌പോസ്റ്റുകൾ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ ഏഴിന് ഗസയിൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ തെക്കൻ ലെബനനിലും ഇസ്രഈൽ ആക്രമണം നടത്തുകയാണ്. 270ലധികം ആളുകൾ ലബനീസ് അതിർത്തിയിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ മിക്കവരും ഹിസ്ബുള്ള പോരാളികളാണ്. 44 സിവിലിയന്മാരും കൊല്ലപ്പെട്ടു.
ഇതിന് മറുപടിയായി ഇസ്രഈലിൽ ഹിസ്ബുള്ള നിത്യവും റോക്കറ്റ് ആക്രമണം നടത്തുകയാണ്.
ലെബനന്റെ ആക്രമണത്തിൽ 10 സൈനികരും ആറ് കുടിയേറ്റക്കാരും കൊല്ലപ്പെട്ടെന്ന് ഇസ്രഈലും അറിയിച്ചിരുന്നു.
തെക്കൻ ലെബനനിൽ താമസിക്കുന്നവരോട് വീടുകൾക്ക് പുറത്തും കടകളിലും സ്ഥാപിച്ച സി.സി.ടി.വി ക്യാമറകൾ ഇസ്രഈൽ ഹാക്ക് ചെയ്യുന്നത് തടയാൻ അവ ഓഫ്‌ലൈനിലാക്കുവാൻ ഹിസ്ബുള്ള ആവശ്യപ്പെട്ടിരുന്നു.
Content Highlight: All strategic Israeli sites ‘within range’ of our missiles, drones: Top Hezbollah official