ബജറ്റ് സമ്മേളനം: കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു
Daily News
ബജറ്റ് സമ്മേളനം: കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd February 2015, 3:39 pm

PM_Modi_Parliament_Winter_Session_AP_650 ന്യൂദല്‍ഹി: ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വ കക്ഷി യോഗം വിളിച്ചു. സമ്മേളന സെഷന്‍ കൂടുതല്‍ പ്രയോജനകരമാക്കുന്നതിന് വേണ്ടിയും മറ്റ് വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് വേണ്ടിയുമാണ് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്റെ നേതൃത്വത്തില്‍ യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.

പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ സഹകരണം ആവശ്യപ്പെട്ട് കൊണ്ട് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു സോണിയ ഗാന്ധിയെ കണ്ടിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അദ്ദേഹം സോണിയയെ സന്ദര്‍ശിച്ചിരുന്നത്.

സര്‍വ്വ കക്ഷി യോഗത്തിന് മുന്നോടിയായി ഇരു സഭകളിലെയും വിവിധ കക്ഷി നേതാക്കളെ വിളിച്ച് ചേര്‍ത്തി കൊണ്ട് വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ യോഗവ വിളിച്ചിരുന്നു. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സന്നിഹിതനായിരുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസടക്കം വിവിധ രാഷ്ട്രീയ കക്ഷികള്‍ ഘര്‍ വാപസിയടക്കമുള്ള ഉന്നയിച്ച് സഭയില്‍ ബഹളം സൃഷ്ടിച്ചിരുന്നു.

ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേതഗതി, ഇന്‍ഷുറന്‍സ് രംഗത്തെ വിദേശ നിക്ഷേപം, എണ്ണപ്പാടങ്ങളുടെ ലേലം തുടങ്ങിയ വിഷയങ്ങളായിരിക്കും ഇത്തവണ സഭകളെ ചൂട് പിടിപ്പിക്കുക.

പ്രത്യേകിച്ച് സഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടാനുള്ള ലാന്‍ഡ് ഓര്‍ഡിനന്‍സിനെതിരായി വിവിധ കര്‍ഷക സംഘടനകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അഴിമതി വിരുദ്ധ പോരാട്ട നായകന്‍ അണ്ണാ ഹസാരെയടക്കമുള്ള നേതാക്കള്‍ ദല്‍ഹിയില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.

ശനിയാഴ്ചയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റവതരിപ്പിക്കുക.