ലക്ഷദ്വീപില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം; ബി.ജെ.പി നേതാക്കളും പങ്കെടുക്കും
national news
ലക്ഷദ്വീപില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം; ബി.ജെ.പി നേതാക്കളും പങ്കെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th May 2021, 7:38 am

കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ദ്വീപിലെ ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും.

ജനകീയ പ്രതിഷേധങ്ങള്‍ അവഗണിച്ച് ലക്ഷദ്വീപില്‍ വിവാദ നടപടികളുമായി അഡ്മനിസ്‌ട്രേഷന്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം ചേരുന്നത്. വൈകിട്ട് നാലിന് നടക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കും. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരെ ഒറ്റക്കെട്ടായി നിയമ പോരാട്ടത്തിന് ഇറങ്ങണമെന്നാണ് പൊതുഅഭിപ്രായം.

പല വകുപ്പുകളില്‍ നിന്നും നിരവധി താല്‍ക്കാലിക ജീവനക്കാരെ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ പിരിച്ചുവിട്ടിരുന്നു.

ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് പെട്ടെന്ന് മരിച്ചതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ നിയമിക്കപ്പെട്ടത്. മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയാണ് പ്രഫുല്‍ പട്ടേല്‍.

ഫ്രഫുല്‍ പട്ടേലിന്റെ വിവാദ നടപടികളില്‍ പ്രതിഷേധിച്ച് ദ്വീപിലെ ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചിരുന്നു. ലക്ഷദ്വീപിലെ മുന്‍ ചീഫ് കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുക്കും.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Contnet Highlights: All Party Meeting in LakshaDweep