ജമ്മുകശ്മീരിലെ കേന്ദ്രത്തിന്റെ സര്‍വ്വകക്ഷി യോഗം സ്വാഗതം ചെയ്ത് കോണ്‍ഗ്രസും സി.പി.ഐ.എമ്മും
national news
ജമ്മുകശ്മീരിലെ കേന്ദ്രത്തിന്റെ സര്‍വ്വകക്ഷി യോഗം സ്വാഗതം ചെയ്ത് കോണ്‍ഗ്രസും സി.പി.ഐ.എമ്മും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th June 2021, 9:23 am

ന്യൂദല്‍ഹി: ജമ്മുകശ്മീരിനെ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും സി.പി.ഐ.എമ്മും.

ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുമായാണ് കേന്ദ്രത്തിന്റെ കൂടിക്കാഴ്ച. അടുത്തയാഴ്ചയായിരിക്കും കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്രത്തിന്റെ നീക്കം.

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) അധ്യക്ഷ മെഹബൂബ മുഫ്തി ജൂണ്‍ 24 ന് ന്യൂദല്‍ഹിയില്‍ ഉന്നത നേതൃത്വവുമായി ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതായി അറിയിച്ചിട്ടുണ്ട്.

എന്നാല്‍, പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

യോഗത്തില്‍ പങ്കെടുക്കണോ എന്ന് തീരുമാനിക്കാന്‍ ഇന്ന് പി.ഡി.പി. നേതാക്കളുടെ യോഗം ചേരുമെന്നും അവര്‍ വ്യക്തമാക്കി. സര്‍വകക്ഷി യോഗത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി.എ. മിര്‍ പറഞ്ഞു.

370-ാം അനുഛേദം റദ്ദാക്കിയ ശേഷം ഇത് ആദ്യമായാണ് ജമ്മുകശ്മീരിലെ പാര്‍ട്ടികളും കേന്ദ്രവും തമ്മിലുള്ള കൂടിക്കാഴ്ച. ജമ്മുകശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാനുള്ള നീക്കം. 24 ന് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പങ്കെടുക്കും.

നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. ആവശ്യമെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാവുന്ന സാഹചര്യം ഉണ്ടെന്ന വിലയിരുത്തലാണ് കേന്ദ്രത്തിനുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: All  party meet in Jammu Kashmir welcomes congress and CPIM