ആമസോണിന് വിലക്കേര്‍പ്പെടുത്തണം: വ്യാപാരസംഘടന
national news
ആമസോണിന് വിലക്കേര്‍പ്പെടുത്തണം: വ്യാപാരസംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th November 2020, 7:33 pm

മുംബൈ: വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദിപ്പിക്കപ്പെട്ട രാജ്യം ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ആമസോണിനെ വിലക്കണമെന്ന് വ്യാപാര സംഘടന. ഏഴ് ദിവസത്തേക്ക് ആമസോണിനെ വിലക്കണമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്‌സ് ആവശ്യപ്പെട്ടു.

പിഴ മാത്രം ഈടാക്കുന്നത് ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് പരിഹാരമാകില്ലെന്നും സംഘടന പറഞ്ഞു.

വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് 25000 രൂപയാണ് ആമസോണിന് പിഴയിട്ടത്. എന്നാല്‍ ഇന്ത്യന്‍ നിയമങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് നിസാര പിഴ നല്‍കുന്നത് രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും വ്യാപാര സംഘടന പറഞ്ഞു.

നേരത്തെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് ഉപഭോക്തൃ കാര്യ മന്ത്രാലയം കഴിഞ്ഞ മാസം ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

എല്ലാ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും ലീഗല്‍ മെട്രോളജി (പാക്കേജുചെയ്ത ചരക്കുകള്‍) നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 19 ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നോട്ടീസിന് നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ആമസോണിന് പിഴ ചുമത്തുകയായിരുന്നു.

ആദ്യ കുറ്റകൃത്യമെന്ന നിലയില്‍ നിയമം അനുസരിച്ച് 25000 രൂപയാണ് പിഴയിട്ടതെന്നാണ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഫ്ലിപ്പ്കാര്‍ട്ടിന് പിഴയിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

2011ലെ ലീഗല്‍ മെട്രോളജി ചട്ടങ്ങള്‍ പ്രകാരം ആവശ്യമായ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ചില ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വിലയും ഉല്‍പ്പാദിപ്പിക്കപ്പെട്ട വസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം കഴിഞ്ഞ മാസം നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

ഇ-കൊമേഴ്‌സ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ഡിജിറ്റല്‍, ഇലക്ട്രോണിക് നെറ്റ്വര്‍ക്കില്‍ എല്ലാ വിവരങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഫ്ലിപ്പ്കാര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ആമസോണ്‍ ഡവലപ്മെന്റ് സെന്റര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: All-India Traders’ Body CAIT Demands 7-day Ban on Amazon for Violating Country of Origin Rule