കോടതികൾക്ക് അവധി ആവശ്യപ്പെട്ട് ബാർ കൗൺസിൽ നൽകിയ കത്ത് പിൻവലിക്കണം; വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമെന്ന് അഖിലേന്ത്യാ അഭിഭാഷക യൂണിയൻ
national news
കോടതികൾക്ക് അവധി ആവശ്യപ്പെട്ട് ബാർ കൗൺസിൽ നൽകിയ കത്ത് പിൻവലിക്കണം; വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമെന്ന് അഖിലേന്ത്യാ അഭിഭാഷക യൂണിയൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th January 2024, 8:04 pm

ന്യൂദൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ കോടതികൾക്ക് അവധി ആവശ്യപ്പെട്ടുള്ള ബാർ കൗൺസിൽ ചെയർമാന്റെ കത്തിനെതിരെ അഖിലേന്ത്യാ അഭിഭാഷക യൂണിയൻ.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നൽകിയ കത്ത് അനുചിതമാണെന്നും വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമെന്നും അഖിലേന്ത്യാ അഭിഭാഷക യൂണിയൻ പറഞ്ഞു.

കത്ത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷക യൂണിയൻ വർഗീയ ശ്രമങ്ങളിൽ ബാർ കൗൺസിൽ കക്ഷി ആകരുതെന്നും പറഞ്ഞു.

ജനുവരി 22ന് അവധി നൽകിയാൽ രാജ്യത്തെങ്ങുമുള്ള ജഡ്ജിമാർക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലും അതിനോടനുബന്ധിച്ചുള്ള പരിപാടികളിലും പങ്കെടുക്കാമെന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് അയച്ച കത്തിൽ ബാർ കൗൺസിൽ പറഞ്ഞത്.

ബാർ കൗൺസിൽ ചെയർമാൻ മനംകുമാർ മിശ്രയുടെ നേതൃത്വത്തിൽ നൽകിയ കത്തിൽ അടിയന്തരമായി പരിഗണിക്കേണ്ട കേസുകൾക്ക് പ്രത്യേക സംവിധാനം ഒരുക്കുകയോ മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അവധി നൽകണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബി.സി.സി.ഐയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള പരിശീലനത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.

അതേസമയം പ്രതിഷ്ഠാ ദിനത്തിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗോവ, ചത്തീസ്ഗഢ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Content highlight: All India Lawyers Association against Bar Council’s letter seeking leave on Ram Temple Consecration day