വീണിടം വിദ്യയാക്കി ആലിബാബ; കിലോയ്ക്ക് വെറും 16 രൂപയ്ക്ക് ഉള്ളി നല്‍കും; ഓഫര്‍ ഇങ്ങനെ
Onion Price
വീണിടം വിദ്യയാക്കി ആലിബാബ; കിലോയ്ക്ക് വെറും 16 രൂപയ്ക്ക് ഉള്ളി നല്‍കും; ഓഫര്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th December 2019, 8:09 pm

ന്യൂദല്‍ഹി: രാജ്യത്ത് ഉള്ളിവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രവുമായി ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ. രാജ്യത്ത് ഉള്ളിക്കു തൊട്ടാല്‍ പൊള്ളുന്ന വിലയാകുമ്പോള്‍, വിലകുറഞ്ഞ ഉള്ളി അവതരിപ്പിച്ചിരിക്കുകയാണ് ആലിബാബ. ഈജിപ്തില്‍ നിന്നുള്ള ഉള്ളിയാണ് ഇതെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

ഒരു ടണ്ണിന് 200 ഡോളര്‍ മുതല്‍ 300 ഡോളര്‍ വരെയാണു വില. അതായത് ടണ്ണിന് ഇന്ത്യന്‍ കണക്കില്‍ 14,259 രൂപ മുതല്‍ 21,389 രൂപ വരെ. ഇത് കിലോക്കണക്കിലാകുമ്പോള്‍ വെറും 16 രൂപ മുതല്‍ 24 രൂപ വരെ മാത്രമേയുണ്ടാകൂ.

പക്ഷേ ഹോള്‍സെയിലായി മാത്രമേ അവര്‍ ഉള്ളി വില്‍പ്പന നടത്തുന്നുള്ളൂ എന്നതാണു പ്രശ്‌നം. ഒരു ടണ്ണാണ് ഏറ്റവും കുറഞ്ഞത്. പരമാവധി വാങ്ങാനാവുന്നത് 28 ടണ്ണാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ രാജ്യത്ത് ഉള്ളിവില 110-160 രൂപയാണ്. ഉള്ളിയടക്കമുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഉള്ളിയുടെ വരവ് കുത്തനെ കുറഞ്ഞതാണു വിലവര്‍ധനവിനു കാരണം.

അതിനിടെ താന്‍ അധികം ഉള്ളി കഴിക്കാറില്ലെന്ന പ്രസ്താവനയുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു.

ഉള്ളിയുടെ വിലക്കയറ്റത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. വിലക്കയറ്റം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയായിരുന്നു നിര്‍മലാ സീതാരാമന്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്നവുമില്ല. ഉള്ളി അധികം കഴിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണു ഞാന്‍ വരുന്നത്.’- നിര്‍മല പറഞ്ഞു.