ഫിഫ അറബ് കപ്പിലെ വിജയത്തിന് ശേഷം ഫലസ്തീന്‍ ദേശീയപതാക ഉയര്‍ത്തി അള്‍ജീരിയന്‍ ടീം. ഖത്തറില്‍ വെച്ച് നടക്കുന്ന മല്‍സരത്തിലെ സെമി ഫൈനല്‍ പ്രവേശത്തിന് ശേഷമാണ് ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അള്‍ജീരിയന്‍ ടീം പതാക ഉയര്‍ത്തിയത്.
ശനിയാഴ്ചയായിരുന്നു ഫിഫ അറബ് കപ്പില്‍ അള്‍ജീരിയ സെമിഫൈനലില്‍ പ്രവേശിച്ചത്. മൊറോക്കോയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചായിരുന്നു സെമി ഫൈനല്‍ പ്രവേശം.
അറബ് രാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന കായിക മല്‍സരങ്ങളില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ രാജ്യങ്ങള്‍ മുന്നോട്ട് വരാറുണ്ട്. എന്നാല്‍ അള്‍ജീരിയയുടെ ഈ നീക്കം മൊറോക്കോയ്‌ക്കെതിരായ ശക്തമായ സന്ദേശം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.
ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുകയും അത് സ്വാഭാവിക നീക്കമായി സ്വയം വിലയിരുത്തുകയും ചെയ്ത രാജ്യമാണ് മൊറോക്കോ. ഇതിനെ ശക്തമായി എതിര്‍ത്ത് അള്‍ജീരിയയിലെ അധികൃതരും ജനങ്ങളും ഒരു പോലെ രംഗത്തെത്തിയിരുന്നു.