അര്‍ജന്റീനക്കാരന്റെ മിന്നും ഫോം; വീണത് ഇംഗ്ലണ്ട് ഇതിഹാസം, ഒപ്പം തകര്‍ന്നത് 24 വര്‍ഷത്തെ ചരിത്രനേട്ടവും
Football
അര്‍ജന്റീനക്കാരന്റെ മിന്നും ഫോം; വീണത് ഇംഗ്ലണ്ട് ഇതിഹാസം, ഒപ്പം തകര്‍ന്നത് 24 വര്‍ഷത്തെ ചരിത്രനേട്ടവും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th December 2023, 3:15 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ത്രില്ലര്‍ ജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു റെഡ് ഡെവിള്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യപകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ചുവരവ്.

മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി അര്‍ജന്റീനന്‍ യുവതാരം അലജാന്‍ഡ്രോ ഗാര്‍നാച്ചോ ഇരട്ട ഗോള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും അര്‍ജന്റീനന്‍ യുവ താരത്തെ തേടിയെത്തി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ബോക്‌സിങ് ഡേയില്‍ രണ്ടോ അതിലധികമോ ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലേക്കാണ് ഗാര്‍നാച്ചോ നടന്നുകയറിയത്. താരത്തിന് 19 വയസ്സ് പ്രായമാണുള്ളത്.

ഇതിനുമുമ്പ് ഈ നേട്ടത്തിലെത്തിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ ഇതിഹാസതാരം മൈക്കല്‍ ഓവന്‍ ആയിരുന്നു. ഓവന്‍ ഗോള്‍ നേടിയത് തന്റെ ഇരുപതാം വയസ്സില്‍ ആയിരുന്നു. 1999ല്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരെയായിരുന്നു ഓവന്‍ ഈ നേട്ടം സ്വന്തമാക്കിയത്. നീണ്ട 24 വര്‍ഷത്തെ ചരിത്രമാണ് ഗാര്‍നാച്ചോ തിരുത്തിക്കുറിച്ചത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ 21ാം മിനിട്ടില്‍ ജോണ്‍ മക്ലീനിലൂടെ ആസ്റ്റണ്‍ വില്ലയാണ് ആദ്യം ലീഡ് നേടിയത്. 26ാം മിനിട്ടില്‍ ലിയാന്‍ഡര്‍ ഡെന്‍ഡോണ്‍ക്കറിലൂടെ വില്ല ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ആസ്റ്റണ്‍ വില്ല എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.

എന്നാല്‍ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 51, 71 മിനിട്ടുകളില്‍ അലജാന്‍ഡ്രോ ഗാര്‍നാച്ചോയിലൂടെ റെഡ് ഡെവിള്‍സ് സമനില പിടിച്ചു. മത്സരത്തിന്റെ 82ാം മിനിട്ടില്‍ റാസ്മസ് ഹോജ്‌ലണ്ടിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയഗോള്‍ നേടുകയായിരുന്നു.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 19 മത്സരങ്ങളില്‍ നിന്നും പത്ത് വിജയവും ഒരു സമനിലയും എട്ട് തോല്‍വിയും അടക്കം 31 പോയിന്റുമായി ആറാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്.

ഡിസംബര്‍ 30ന് 16ാം സ്ഥാനക്കാരായ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടുത്ത മത്സരം. നോട്ടിങ്ഹാമിന്റെ ഹോം ഗ്രൗണ്ട് സിറ്റി ഗ്രൗണ്ടാണ് വേദി.

Content Highlight: Alejandro Garnacho create a new record in English premier League.