അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു
Daily News
അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th February 2016, 7:16 am

akbar-kakkattilപ്രമുഖ സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അന്ത്യം.

നോവലുകളും ചെറുകഥകളും ഉള്‍പ്പെടെ 54 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അധ്യാപക കഥകള്‍ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തില്‍ രൂപം നല്‍കുന്നതില്‍ മുഖ്യപങ്കുവഹിച്ച അദ്ദേഹം മലയാളത്തിലെ പ്രഥമ അധ്യാപക സര്‍വ്വീസ് സ്റ്റോറിയുടെ കര്‍ത്താവുമാണ്. ഗഹനവും സങ്കീര്‍ണ്ണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കാന്‍ പ്രത്യേക വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്നു അദ്ദേഹം.

1954 ജൂലൈ ഏഴിന് കോഴിക്കോട് ജില്ലയിലെ കക്കട്ടിലിലാണ് അദ്ദേഹം ജനിച്ചത്. കക്കട്ടിലിലെ പാറയില്‍ എല്‍.പി സ്‌കൂള്‍, വട്ടോളി സംസ്‌കൃതം സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി.

പ്രീഡിഗ്രി ആദ്യവര്‍ഷത്തിന്റെ പകുതി ഫറൂഖ് കോളജിലും തുടര്‍ന്ന് മടപ്പള്ളി ഗവ.കോളജിലുമായിരുന്നു. മടപ്പള്ളി ഗവ.കോളജില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയില്‍ ബിരുദം നേടി. ബിരുദാനന്തര ബിരുദത്തിന് ആദ്യവര്‍ഷം തൃശൂര്‍ കേരളവര്‍മ്മ കോളജിലും രണ്ടാം വര്‍ഷം തലശേരി ഗവ. ബ്രണ്ണന്‍ കോളജിലും പഠിച്ചു.

ബ്രണ്ണന്‍ കോളജില്‍ നിന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. പിന്നീട് തലശേരി ഗവ. ട്രെയിനിങ് കോളജില്‍ നിന്ന് ബി.എഡ് ബിരുദം നേടി.

പിന്നീട് തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജില്‍ നിന്ന് വിദ്യാഭ്യാസത്തില്‍ ബിരുദമെടുത്തു. മടപ്പള്ളി ഗവ. കോളേജിലും തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിലും കോളേജ് യൂണിയന്‍ ചെയര്‍മാനും കാലിക്കട്ട് യൂനിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. പഠനശേഷം അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടു.

വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉള്‍പ്പെടെ വിവിധ സ്‌കൂളുകളിലായി 30 വര്‍ഷത്തോളം മലയാളം അധ്യാപകനായി സേവനം അനുഷ്ഠിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ സൗത്ത്‌സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ , സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേണിംഗ് ബോഡികള്‍, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷന്‍ ജൂറി, സിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോര്‍ഡ്, പ്രഥമ എഡ്യൂക്കേഷണല്‍ റിയാലിറ്റി ഷോയായ “ഹരിത വിദ്യാലയ”ത്തിന്റെ പര്‍മനന്റ് ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൂടാതെ കോഴിക്കോട് മലയാളം പബ്ലിക്കേഷന്‍സിന്റെയും ഒലീവ് പബ്ലിക്കേഷന്‍സിന്റെയും ഓണററി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണവിഭാഗം കണ്‍വീനറുമായിരുന്നു. ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റാണ്.


സാഹിത്യ ജീവിതം:

14ാം വയസുമുതല്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ കുട്ടികളുടെ കോളത്തില്‍ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് അദ്ദേഹം സാഹിത്യലോകത്തേക്ക് കടന്നുവന്നത്. 1969ല്‍ ആഴ്ചപതിപ്പില്‍ ആദ്യ കഥ “പൊതിച്ചോറു” പ്രസിദ്ധീകരിച്ചുവന്നു. മലയാള സാഹിത്യലോകത്തെ കുലപതിമാരായ ജി. ശങ്കരക്കുറുപ്പ്, തകഴി, ബഷീര്‍ എന്നിവരുമായി വിദ്യാര്‍ത്ഥിയായിരുന്ന കാലത്തേ അദ്ദേഹത്തിനു സൗഹൃദമുണ്ടായിരുന്നു.

54 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോവലുകള്‍, ഏഴ് നോവലൈറ്റുകള്‍, 27 ചെറുകഥാ സമാഹാരങ്ങള്‍, ആറ് ലേഖനസമാഹാരം, ഓര്‍മ്മക്കുറിപ്പുകള്‍, നാടകം, ലേഖനവിമര്‍ശനം, മലയാളത്തിലെ പ്രമുഖസാഹിത്യകാരന്മാരുമായി അഭിമുഖം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

രണ്ടുതവണ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. ഹാസ്യവിഭാഗത്തില്‍ “സ്‌കൂള്‍ ഡയറി” എന്ന പുസ്തകം 1992ല്‍ പുരസ്‌കാരം നേടി. 2004ല്‍ “വടക്കുനിന്നൊരു കുടുംബ വൃത്താന്തം” എന്ന കൃതിക്ക് മികച്ച നോവലിനുള്ള പുരസ്‌കാരം ലഭിച്ചു. 1998ല്‍ “സത്രൈണം” എന്ന നോവലിന് മികച്ച നോവലിനുള്ള ജോസഫ് മുണ്ടശേരി പുരസ്‌കാരം ലഭിച്ചു. 2002ല്‍ മികച്ച കഥാകൃത്തിനുള്ള ടെലിവിഷന്‍ പുരസ്‌കാരവും (സ്‌കൂള്‍ ഡയറി- ദൂരദര്‍ശന്‍ സീരിയല്‍) അദ്ദേഹത്തെ തേടിയെത്തി.

അടൂര്‍ ഗോപാലകൃഷ്ണനെക്കുറിച്ചുള്ള “വരൂ അടൂരിലേക്കു പോകാം” എന്ന അദ്ദേഹത്തിന്റെ കൃതി തമിഴിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ “മൃത്യുയോഗം” എന്ന കൃതി കന്നഡയിലേക്കും തര്‍ജ്ജമ ചെയ്തിരുന്നു.

1992ല്‍ഭാരത സര്‍ക്കാറില്‍ നിന്നും സാഹിത്യത്തിനുള്ള ഫെലോഷിപ്പ് നേടി. 2002ല്‍ അബുദാബി ശക്തി പുരസ്‌കാരം നേടി. എസ്.കെ പൊറ്റക്കാട് പുരസ്‌കാരം, അങ്കണം പുരസ്‌കാരം, രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ പുരസ്‌കാരം, സി.എച്ച് മുഹമ്മദ് കോയ പുരസ്‌കാരം, ടി.വി കൊച്ചുബാവ പുരസ്‌കാരം, വി. സാംബശിവന്‍ പുരസ്‌കാരം, ദുബൈ ബുക്ക് ട്രസ്റ്റ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.