Sports News
അവന്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി; സൂപ്പര്‍ താരത്തെ പ്രശംസിച്ച് ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 07, 08:03 am
Friday, 7th February 2025, 1:33 pm

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 68 പന്ത് അവശേഷിക്കെ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ 1-0ന് പരമ്പരയില്‍ മുന്നിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് 47.4 ഓവറില്‍ 248 റണ്‍സിന് ഇന്ത്യ ഇംഗ്ലണ്ടിനെ ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. വിരാട് കോഹ്‌ലിക്ക് പരിക്ക് പറ്റിയതോടെ ആദ്യ മത്സരത്തിനെത്തിയ അയ്യര്‍ 36 പന്തില്‍ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് നേടിയാണ് താരം ജേക്കബ് ബേഥലിന്റെ എല്‍.ബി.ഡബ്ല്യൂവില്‍ കുരുങ്ങിയത്.

ഇപ്പോള്‍ അയ്യരെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. അയ്യരെ ഇലവനില്‍ തെരഞ്ഞെടുക്കുമോ ഇല്ലയോ എന്ന ചോദ്യങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇലവനില്‍ മടങ്ങിയെത്തി തന്റെ പ്രകടനംകൊണ്ട് വിമര്‍ശകര്‍ക്ക് തക്ക മറുപടിയാണ് താരം നല്‍കിയതെന്നും ചോപ്ര പറഞ്ഞു.

‘ശ്രേയസ് അയ്യര്‍ ഒരു പ്രധാന വിഷയമാണ്, കാരണം ഇന്ത്യന്‍ ക്രിക്കറ്റിന്റെ കാര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്. അയ്യരെ തെരഞ്ഞെടുക്കുമോ അതോ ഒഴിവാക്കണോ എന്ന ചോദ്യമുണ്ടായിരുന്നു. എന്തായാലും അയ്യര്‍ മികച്ച പ്രകടനം പുറത്തെടുത്ത് വിമര്‍ശകര്‍ക്ക് തക്ക മറുപടിയാണ് നല്‍കിയത്.

പല കീ ബോര്‍ഡ് യോദ്ധാക്കളും അവന് എതിരായിരുന്നു. എന്നിട്ടും തന്റെ ഏറ്റവും മികച്ചത് അവന്‍ നല്‍കി, മികവ് കാണിച്ചു. ലോകകപ്പിലും അവന്‍ മികവ് പുലര്‍ത്തി. എന്തായാലും ഇന്ത്യ അവനെ വിശ്വസിച്ചു,’ ആകാശ് ചോപ്ര ഒരു വീഡിയോയില്‍ പറഞ്ഞു.

Content Highlight: Akash Chopra Talking About Shreyas Iyer